
തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പന്ത് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ കോർട്ടിലേക്ക്.
നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം ഉണ്ടാവില്ല എന്ന് ഏറെകുറെ ഉറപ്പായ സാഹചര്യത്തിലാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം എ.ഐ.സി.സി നേതൃത്വത്തിന് വിട്ടുകൊണ്ട് ഒറ്റവരി പ്രമേയം പാസാക്കിയത്. ഇതോടെ, ഡല്‍ഹിയില്‍ നിന്നുള്ള അന്തിമ പ്രഖ്യാപനത്തിനായി കേരളം ഉറ്റുനോക്കുകയാണ്.
ഹൈക്കമാൻഡിന് പൂർണ്ണാധികാരം
മുഖ്യമന്ത്രി ആരാകണമെന്നതില്‍ തീരുമാനമെടുക്കാന്‍ എംഎല്‍എമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച തുടങ്ങി. മുകുള്‍ വാസ്നിക്കും അജയ് മാക്കനും ഓരോ എം.എല്‍.എമാരുമായും വ്യക്തിപരമായി സംസാരിച്ച് അഭിപ്രായം തേടുന്നുണ്ട്. ഈ രഹസ്യ റിപ്പോർട്ട് ഉടൻ തന്നെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കും രാഹുല്‍ ഗാന്ധിക്കും കൈമാറും. ഘടകകക്ഷികളായ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവരുമായും ഹൈക്കമാൻഡ് വിശദമായ ആശയവിനിമയം നടത്തും. ഭൂരിപക്ഷം എം.എല്‍.എമാരുടെയും താല്പര്യം ആർക്കൊപ്പമാണ് എന്നത് മുൻനിർത്തിയാകും അന്തിമ പ്രഖ്യാപനം.
വിട്ടുവീഴ്ച്ചക്കില്ലെന്ന് സതീശൻ
മുഖ്യമന്ത്രി പദവി നിശ്ചയിക്കുന്നതില്‍ ഭരണപരിചയം ഒരു മാനദണ്ഡമല്ലെന്ന വാദമാണ് വി.ഡി. സതീശൻ പ്രധാനമായും ഉയർത്തുന്നത്. ഇതിന് ഉദാഹരണമായി വി.എസ്. അച്യുതാനന്ദനെയും നരേന്ദ്ര മോദിയെയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു നേതാവിന് വേണ്ടത് ഭരണപരിചയത്തേക്കാള് ഉപരിയായി വ്യക്തമായ കാഴ്ചപ്പാടാണെന്നും ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കാനുള്ള കഴിവാണെന്നും അദ്ദേഹം വാദിക്കുന്നു. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത് സംഘടനാ ദൗർബല്യമാണെന്നും എന്നാല്‍ കേരളത്തില്‍ താൻ നേതൃത്വം നല്കിയ ചിട്ടയായ പ്രവർത്തനങ്ങളാണ് യു.ഡി.എഫിനെ വൻ വിജയത്തിലേക്ക് നയിച്ചതെന്നുമാണ് സതീശൻ പക്ഷത്തിന്റെ അവകാശവാദം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിട്ടുകൊടുക്കാതെ കെ.സി ക്യാമ്പ്
സതീശൻ കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍, മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കെ.സി. വേണുഗോപാലും. താൻ മത്സര രംഗത്തുണ്ടാകുമെന്ന് തന്നെ അനുകൂലിക്കുന്ന എം.എല്‍.എമാരെ അദ്ദേഹം ഇതിനോടകം അറിയിച്ചു കഴിഞ്ഞു. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണ തെളിയിക്കാൻ കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് പച്ചക്കൊടി ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കെ.സി ക്യാമ്പ്.
രണ്ട് ദിവസത്തിനകം പ്രഖ്യാപനം
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണയും കേരളത്തിലെ പൊതുവികാരവും പരിഗണിച്ചാകും അന്തിമ തീരുമാനം. മുഖ്യമന്ത്രിയെ തീരുമാനിച്ചാലുടൻ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് യു.ഡി.എഫ് കടക്കും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.







