
പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു. സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്കെ ദ്വിവേദി എന്നിവരാണ് ‘മുഖ്യ ഉപദേശക’ സ്ഥാനങ്ങൾ രാജിവെച്ചത്. ഇവർക്ക് പുറമെ മമതയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സർക്കാർ എന്നിവരും രാജിവെച്ചു. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത നേരത്തെ തന്നെ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ 207-ഓളം സീറ്റുകൾ നേടി ബിജെപി വൻ വിജയം നേടിയതോടെയാണ് ഭരണതലത്തിൽ വൻ മാറ്റങ്ങളുണ്ടായത്. മമത ബാനർജിയുടെ ഭരണത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്നവരാണ് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥർ.
സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരമേൽക്കാനിരിക്കെ, തൃണമൂൽ സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന മറ്റ് നിരവധി ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ സ്ഥാനമൊഴിഞ്ഞേക്കും എന്നാണ് റിപ്പോർട്ടുകൾ. പരാജയപ്പെട്ടെങ്കിലും താൻ രാജിവെയ്ക്കില്ലെന്നും പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുമെന്നുമാണ് മമത ബാനർജി നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കട്ടെയെന്നാണ് ഇവരുടെ നിലപാട്. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തുടങ്ങിയ സംഘർഷത്തിൽ സംസ്ഥാനത്ത് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ഉൾപ്പടെ ആറോളം പേർ കൊല്ലപ്പെട്ടു.






