
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‍യുടെ ടിവികെയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി എഐഎഡിഎംകെ. ഒരു സാഹചര്യത്തിലും ടിവികെയ്ക്ക് പിന്തുണ നൽകില്ലെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസാമി അറിയിച്ചു.
ടിവികെയ്ക്ക് പിന്തുണ നൽകേണ്ടതില്ലെന്ന നിലപാടിൽ ഇപിഎസ് ഉറച്ചുനിൽക്കുകയായിരുന്നു. എഐഎഡിഎംകെയിലെ ഒരു വിഭാഗം ടിവികെയ്ക്ക് പിന്തുണ നൽകണമെന്ന നിലപാടിലായിരുന്നു. എസ് പി വേലുമണി, സി വി ഷണ്മുഖം തുടങ്ങിയ നേതാക്കളാണ് ടിവികെയ്ക്ക് പിന്തുണ നൽകണമെന്ന് അഭിപ്രായപ്പെട്ടത്.
മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണ ഉറപ്പായാൽ വിമത നേതാക്കൾ പിന്തുണ പരസ്യമാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഒരു സാഹചര്യത്തിലും ടിവികെയെ പിന്തുണയ്ക്കില്ല എന്ന ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് എഐഎഡിഎംകെ
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്ക്ക്, ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിലപാട് വെല്ലുവിളിയായി. കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നൽകണമെന്ന നിലപാടിലാണ് ഗവർണർ.
കോൺഗ്രസ് പിന്തുണയ്ക്ക് പിന്നാലെ 113 എംഎൽഎമാർ ഒപ്പിട്ട കത്താണ് വിജയ് ഗവർണർക്ക് നൽകിയത്. എന്നാൽ 234 അംഗ നിയമസഭയിൽ 118 പേരുടെ പിന്തുണ കിട്ടിയാൽ മാത്രമേ ഭൂരിപക്ഷമാകൂ.
118 എംഎൽഎമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്നാണ് ഗവർണർ അറിയിച്ചത്.
അങ്ങനെയെങ്കിൽ മാത്രമേ സത്യപ്രതിജ്ഞക്ക് അനുവാദം നൽകൂ എന്നാണ് ഗവർണറുടെ നിലപാട്. ഇക്കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. അറ്റോർണി ജനറാലിന്റെ ഉപദേശമാണ് തേടിയത്.
അഞ്ച് പേരുടെ കൂടി പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാൽ പിന്തുണ ഉറപ്പിക്കൽ എളുപ്പമാകുമെന്ന് കരുതിയ വിജയ്ക്ക് ഗവർണറുടെ നിലപാട് വെല്ലുവിളി ആയിരിക്കുകയാണ്.
സി പി ഐ (രണ്ട് സീറ്റുകൾ), സി പി എം (രണ്ട് സീറ്റുകൾ), വി സി കെ (രണ്ട് സീറ്റുകൾ) എന്നിവരുടെ പിന്തുണ ടി വി കെ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരണം വിജയ്ക്ക് വൻ പ്രതിസന്ധിയായി മാറിയേക്കും.







