Spread the love

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്സ്ഥാനം പിണറായി വിജയൻ ഏറ്റെടുത്തേക്കും. ദുർബലമായ പ്രതിപക്ഷമായി മാറാതിരിക്കാൻ പിണറായിതന്നെ സഭയിലെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.

video
play-sharp-fill

മുന്നണിക്ക് പരാജയമുണ്ടാകുമ്പോൾ നയിക്കാതെ മാറിനിൽക്കുന്നത് രാഷ്ട്രീയമായി വിമർശിക്കപ്പെട്ടേക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇക്കാര്യം പാർട്ടിതലത്തിൽ ചർച്ചചെയ്തിട്ടില്ല. പിണറായി വിജയൻ തന്റെ മനസ്സിലിരിപ്പ് പറഞ്ഞിട്ടുമില്ല.

പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി സി.പി.എമ്മാണ്. സ്വാഭാവികമായും പ്രതിപക്ഷനേതാവും സി.പി.എമ്മിൽനിന്നാണ് വേണ്ടത്. എം.എൽ.എ.മാരിൽ ഏറ്റവും മുതിർന്ന നേതാവ് പിണറായി വിജയനാണ്. പിണറായി മാറിനിൽക്കുകയാണെങ്കിൽ മാത്രമാണ് മറ്റൊരാളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രകമ്മിറ്റി അംഗമായ കെ.എൻ. ബാലഗോപാൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിണറായി പ്രതിപക്ഷനേതാവായില്ലെങ്കിൽ, പകരം ബാലഗോപാലായിരിക്കും പദവിയിലെത്തുക.

സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരാണ് പാർട്ടിഘടകത്തിലുള്ള മുതിർന്ന മറ്റു രണ്ടുപേർ.

വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനെ ഉപനേതാവായി നിശ്ചയിച്ചിരുന്നു. അതേരീതിയാണ് സ്വീകരിക്കുന്നതെങ്കിൽ പിണറായിക്കൊപ്പം, കെ.എൻ. ബാലഗോപാലിനെ ഉപനേതാവാക്കിയേക്കും.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെപേരിൽ പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ സൈബറിടത്തിൽ കടുത്തവിമർശനങ്ങളാണ് ഉയരുന്നത്.

മത്സരിച്ച് ജയിച്ചശേഷം പ്രതിപക്ഷനേതാവാകാതെ പിണറായി മാറിനിന്നാൽ അതിലും വിമർശനം നേരിട്ടേക്കാം. മുന്നണി രൂപംകൊണ്ടശേഷമുള്ള ഏറ്റവും ദുർബലമായ അംഗസംഖ്യയുമായാണ് എൽ.ഡി.എഫ്. പ്രതിപക്ഷത്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് പ്രതിപക്ഷത്തിന്റേതാക്കിമാറ്റി. സി.എം.ഒ. മീഡിയ എന്നത് ഓപ്പസിഷൻ മീഡിയ എന്നാക്കിയാണ് മാറ്റിയത്.

സെക്രട്ടേറിയറ്റ് യോഗം ഇന്ന്
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക പരിശോധനയും വിലയിരുത്തലും യോഗത്തിലുണ്ടാകും. പ്രതിപക്ഷ നേതാവ്സ്ഥാനം സംബന്ധിച്ച ചർച്ചകൾ ഉണ്ടാകുമോയെന്നതിൽ വ്യക്തതയില്ല. യോഗത്തിൽ പിണറായി വിജയൻ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് പിണറായിതന്നെ -മോഹനൻ
പ്രതിപക്ഷനേതാവായി പിണറായി വിജയൻതന്നെയാണ് വരേണ്ടതെന്നും മറിച്ചൊരുതീരുമാനം പാർട്ടിയിൽനിന്ന് ഉണ്ടാവില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനൻ. ‘

സർക്കാരിനെ നയിച്ചതും തിരഞ്ഞെടുപ്പിനെ നേരിട്ടതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. സ്വാഭാവികമായും അദ്ദേഹംതന്നെയാണ് പ്രതിപക്ഷനേതാവാകേണ്ടത്- മോഹനൻ പറഞ്ഞു.