Spread the love

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിനും ഇടതുപക്ഷത്തിനും കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഉറപ്പായി.

video
play-sharp-fill

നിയമസഭയില്‍ വെറും 35 സീറ്റുകള്‍ മാത്രമായി ഇടതുപക്ഷം ചുരുങ്ങിയതോടെ, വരാനിരിക്കുന്ന രാജ്യസഭാ ഒഴിവുകളിലേക്ക് തങ്ങളുടെ പ്രതിനിധികളെ വിജയിപ്പിച്ചെടുക്കുക എന്നത് എല്‍ഡിഎഫിന് കീറാമുട്ടിയാകും.

സാധാരണഗതിയില്‍ മൂന്ന് ഒഴിവുകള്‍ വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരു അംഗത്തെ വിജയിപ്പിക്കാന്‍ കുറഞ്ഞത് 36 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ നിലവില്‍ 35 അംഗങ്ങള്‍ മാത്രമുള്ള ഇടതുപക്ഷത്തിന് ഒരു അംഗത്തെ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് അയക്കണമെങ്കില്‍ പോലും ബിജെപിയുടെ സഹായം തേടേണ്ടി വരുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.

മറുഭാഗത്ത്, 102 എംഎല്‍എമാരുള്ള ഭരണപക്ഷമായ യുഡിഎഫിന് വരും വര്‍ഷങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും.

2027-ലും 2028-ലുമായി കേരളത്തില്‍ ആറ് രാജ്യസഭാ സീറ്റുകളിലേക്കാണ് ഒഴിവുകള്‍ വരുന്നത്. ഓരോ വര്‍ഷവും മൂന്ന് വീതം ഒഴിവുകള്‍ വരുന്ന ഈ തിരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തൂത്തുവാരാന്‍ സാധ്യതയേറെയാണ്.

നിയമസഭയുടെ ആകെ അംഗബലത്തെ ഒഴിവു വരുന്ന സീറ്റുകളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനാവശ്യമായ കുറഞ്ഞ വോട്ടുകള്‍ നിശ്ചയിക്കുന്നത്. ഇതനുസരിച്ച് മൂന്ന് ഒഴിവുകള്‍ വരുമ്പോള്‍ 36 പേരുടെയും രണ്ട് ഒഴിവുകള്‍ വരുമ്പോള്‍ 47 പേരുടെയും പിന്തുണ അനിവാര്യമാണ്.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ പി.വി. അബ്ദുള്‍ വഹാബ് (മുസ്ലിം ലീഗ്), വി. ശിവദാസന്‍ (സിപിഎം), ജോണ്‍ ബ്രിട്ടാസ് (സിപിഎം) എന്നിവരുടെ കാലാവധി അടുത്ത വര്‍ഷം ഏപ്രില്‍ 20-ന് അവസാനിക്കും.

ഈ ഒഴിവുകളില്‍ നിലവിലെ സാഹചര്യത്തില്‍ ഒരാളെ പോലും ജയിപ്പിക്കാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.

കൂടാതെ, 2028 ഏപ്രില്‍ രണ്ടിന് കാലാവധി പൂര്‍ത്തിയാക്കുന്ന എ.എ. റഹീം, ജെബി മേത്തര്‍, പി. സന്തോഷ് കുമാര്‍ എന്നിവരുടെ ഒഴിവുകളിലും ഇതേ പ്രതിസന്ധി ഇടതുമുന്നണിയെ വേട്ടയാടും.