Spread the love

പാലാ: കേരള നിയമസഭയില്‍ രാജ്യസഭാ മാതൃകയില്‍ ‘അപ്പർ ഹൗസ്’ (നിയമനിർമ്മാണ കൗണ്‍സില്‍) രൂപീകരിക്കണമെന്നും നോമിനേറ്റഡ് അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പാലാ നഗരസഭയില്‍ പ്രമേയം.

video
play-sharp-fill

14-ാം വാർഡ് കൗണ്‍സിലർ അഡ്വ. ബിനു പുളിക്കകണ്ടം ആണ് പ്രമേയം അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജനവിധി തേടി വിജയിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള പ്രമുഖ നേതാക്കളെയും വിവിധ മേഖലകളിലെ വിദഗ്ധരെയും നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമാക്കാൻ ഇത്തരം ഒരു സംവിധാനം അനിവാര്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രത്തില്‍ രാജ്യസഭ നിലനില്‍ക്കുന്നതുപോലെ കേരളത്തിലും ഉപരിസഭ വേണം. വലിയ സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഈ സംവിധാനം കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കുന്നത് ഫെഡറല്‍ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനപ്രീതിയോ ജനങ്ങളുമായി നേരിട്ടുള്ള ബന്ധമോ ഇല്ലാത്ത, എന്നാല്‍ രാഷ്ട്രീയ പാരമ്പര്യത്തിന്‍റെയോ പിതൃത്വത്തിന്‍റെയോ പേരില്‍ മാത്രം രംഗത്തുള്ള ചില ‘അഭിനവ നേതാക്കള്‍ക്ക്’ സഭയിലെത്താനുള്ള ഏക വഴി ഇതാണെന്ന് പ്രമേയത്തില്‍ പരിഹാസരൂപേണ പരാമർശിക്കുന്നുണ്ട്.

പാലായില്‍ വീണ്ടും തോല്‍വിയറിഞ്ഞ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ജോസ് കെ മാണിയെ പരിഹസിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രമേയമെന്ന് വ്യക്തം. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് ആവശ്യമായ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോട് നഗരസഭ ഈ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്നലെ ചേർന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് പ്രമേയത്തിന് പിന്തുണ തേടിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ ചർച്ചകള്‍ക്ക് വഴിതുറക്കാവുന്ന ഒന്നാണ് പാലാ നഗരസഭയില്‍ ഉയർന്ന ഈ ആവശ്യം. പ്രമേയം നഗരസഭയില്‍ പാസായി.