
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിങ്‌സ്. എട്ടുവിക്കറ്റിനാണ് ടീമിന്റെ ജയം. ഡൽഹി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. അർധ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജു സാംസണാണ് ടീമിന് വിജയമൊരുക്കിയത്. സഞ്ജു സാംസൺ 52 പന്തിൽ 87 റൺസെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി.
ഡൽഹി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ പതിയെ ആണ് തുടങ്ങിയത്. വെറും ആറുറൺസെടുത്ത് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പുറത്തായി.
രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണും ഉർവിൽ പട്ടേലും ചേർന്നാണ് സ്‌കോറുയർത്തിയത്. പവർപ്ലേയിൽ ടീം 44-1 എന്ന നിലയിലായിരുന്നു. പിന്നാലെ 17 റൺസെടുത്ത് ഉർവിൽ പട്ടേലും മടങ്ങിയതോടെ ചെന്നൈ ക്യാംപ് ആശങ്കയിലായി. എട്ടോവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിലായിരുന്നു ചെന്നൈ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മൂന്നാം വിക്കറ്റിൽ ക്രീസിലൊന്നിച്ച സഞ്ജുവും കാർത്തിക് ശർമയും ചേർന്ന് ടീമിനെ കരകയറ്റി. കാർത്തിക്കിനെ ഒരുവശത്തുനിർത്തി സഞ്ജു വെടിക്കെട്ടിന് തിരികൊളുത്തി.
12-ാം ഓവറിൽ സഞ്ജു രണ്ട് സിക്‌സറും ഒരു ഫോറുമടക്കം നേടിയതോടെ ഓവറിൽ 18 റൺസാണ് പിറന്നത്. ഓവറിൽ താരം ഫിഫ്റ്റി തികയ്ക്കുകയും ചെയ്തു. 15-ാം ഓവറിലും രണ്ട് സിക്‌സറും ഒരു ഫോറും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നതോടെ ഓവറിൽ ചെന്നൈ 20 റൺസ് നേടി.
പിന്നീട് അടിച്ചുകളിച്ച ഇരുവരും ടീമിനെ അനായാസം ജയത്തിലെത്തിച്ചു. സഞ്ജു സാംസൺ 52 പന്തിൽ 87 റൺസെടുത്തും കാർത്തിക് ശർമ 31 പന്തിൽ നിന്ന് 41 റൺസെടുത്തും പുറത്താവാതെ നിന്നു. മൂന്നാം വിക്കറ്റിൽ 114 റൺസ് കൂട്ടുകെട്ടാണ് സഞ്ജുവും കാർത്തിക്കും പടുത്തുയർത്തിയത്.







