
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളിലേക്ക് കടന്ന് തമിഴക വെട്രി കഴകം (ടിവികെ).
കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തില്‍ സഖ്യകക്ഷികളെ കൂടെനിർത്താനുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസുമായി നടത്തിയ ചർച്ചകള്‍ ധാരണയിലെത്തിയതായാണ് സൂചന.
സഖ്യ ചർച്ചകള്‍: ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് (108 സീറ്റുകള്‍) ഭരിക്കാനാവശ്യമായ 118 സീറ്റുകള്‍ തികയ്ക്കാൻ കോണ്‍ഗ്രസിന്റെ (5 സീറ്റുകള്‍) അടക്കം പിന്തുണ അത്യാവശ്യമാണ്. ചൊവ്വാഴ്ച വൈകിട്ട് വിജയ്‌യുടെ പനയൂരിലെ വസതിയില്‍ വെച്ച് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷൻ ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ പിന്തുണ സംബന്ധിച്ച് പ്രാഥമിക ധാരണയായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍. സഖ്യസർക്കാരില്‍ കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ നല്‍കാൻ വിജയ് സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇതിന് പുറമെ ഒരു ഡെപ്യൂട്ടി സ്പീക്കർ പദവിയും കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്.
ഇടതുപക്ഷ പാർട്ടികളുമായും വിടുതലൈ ചിരുതൈഗള്‍ കക്ഷിയുമായും (വിസികെ) ടിവികെ ചർച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ സിപിഎമ്മും സിപിഐയും ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല. വിസികെ തലവൻ തോള്‍ തിരുമാവളവൻ ഡിഎംകെയ്ക്ക് ഒപ്പം ഉറച്ചുനില്‍ക്കുമെന്ന നിലപാടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സഭയില്‍ ചെറുകക്ഷികളുടെ പിന്തുണയോടെ 125 സീറ്റ് വരെ ഉറപ്പിക്കാനാണ് ടിവികെയുടെ ശ്രമം. ഡിഎംകെ സഖ്യം വിട്ട് കോണ്‍ഗ്രസ് ടിവികെയോടൊപ്പം ചേരുന്നത് തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ബിജെപിയെയും ഡിഎംകെയെയും ഒരുപോലെ മാറ്റിനിർത്തുന്ന ഒരു മൂന്നാം ബദല്‍ സർക്കാർ രൂപീകരിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഖ്യകക്ഷികളുടെ ഔദ്യോഗിക പിന്തുണക്കത്തുകള്‍ ലഭിച്ചാലുടൻ വിജയ് വീണ്ടും ഗവർണറെ കാണും. മെയ് 10-ന് ചെന്നൈയില്‍ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താനാണ് നിലവിലെ തീരുമാനം. അതിനുള്ളില്‍ പിന്തുണ ലഭിക്കുമെന്നും ടിവികെ നേതൃത്വം കരുതുന്നു. തമിഴ്നാടിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സഖ്യസർക്കാർ അധികാരത്തില്‍ വരാനുള്ള സാധ്യതയാണ് വിജയ്‌യുടെ ഈ നീക്കത്തിലൂടെ തെളിയുന്നത്. വകുപ്പ് വിഭജനം സംബന്ധിച്ചടക്കം വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് കരുതുന്നു.







