
തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷം കേരളം ഭരിച്ച ഇടതുപക്ഷത്തെ തകര്‍ത്തെറിഞ്ഞ് യു.ഡി.എഫ് കേരളം പിടിച്ചടക്കുമ്പോള്‍ കോൺഗ്രസിനുള്ളിൽ ഉയരുന്ന ഒരു ചോദ്യമുണ്ട് ഇനിയാര്? ആര് ഇനി കേരളത്തെ നയിക്കും.
ഇത്തവണ കോണ്‍ഗ്രസിന് നിയമസഭയില്‍ തനിച്ച് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍, മുന്നണിയിലെ രണ്ടാമനായ മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളെ മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ട്. തല്‍ക്കാലം ആരും അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിലും തിരശ്ശീലയ്ക്ക് പിന്നില്‍ കരുനീക്കങ്ങള്‍ സജീവമാണ്.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ പിണറായി സര്‍ക്കാരിന്റെ വീഴ്ചകള്‍ ഓരോന്നായി തുറന്നുകാട്ടി ജനങ്ങള്‍ക്കിടയില്‍ ഹീറോ പരിവേഷം നേടിയ വി.ഡി. സതീശനാണ് പട്ടികയില്‍ മുന്‍പന്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയത്തിന്റെ യഥാര്‍ത്ഥ ശില്‍പിയെന്ന നിലയില്‍ സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന വികാരം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്കിടയില്‍ ശക്തമാണ്.
നേരത്തെ തന്നെ സതീശന്റെ ശൈലിയെ പിന്തുണച്ചിരുന്ന ശശി തരൂരിന്റെ മനസ്സും സതീശനൊപ്പമാണ്. സതീശനെ മുന്‍നിര്‍ത്തിയുള്ള ഭരണത്തിന് ജനപിന്തുണയുണ്ടാകുമെന്ന് ഒരു വിഭാഗം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു കഴിഞ്ഞു.
ദേശീയ രാഷ്ട്രീയത്തിലെ കരുത്തനും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ കെ.സിക്കുണ്ട്.
ഹൈക്കമാന്‍ഡിലുള്ള സ്വാധീനവും ഭൂരിഭാഗം എം.എല്‍.എമാരും കെ.സിയുടെ നോമിനികളായതും അദ്ദേഹത്തിന് അനുകൂല ഘടകമാണ്. അതേസമയം, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ മാറ്റിനിര്‍ത്തുന്നതും എളുപ്പമാകില്ല.
സതീശനും കെ.സിയും തമ്മിലുള്ള വടംവലി കടുക്കുകയാണെങ്കില്‍ ഒരു ‘സമവായ സ്ഥാനാര്‍ത്ഥി’യായി ചെന്നിത്തല മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയേക്കാം.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലീഗിന്റെ നിലപാടുകളെ മറികടന്ന് പോകാനുള്ള ഭൂരിപക്ഷം ഇത്തവണ കോണ്‍ഗ്രസിനുണ്ട്. എങ്കിലും മുന്നണി മര്യാദ പാലിച്ച് ലീഗിനെ വിശ്വാസത്തിലെടുക്കും. തല്‍ക്കാലം പരസ്യമായ പ്രസ്താവനകള്‍ വേണ്ടെന്നാണ് കെ.പി.സി.സി നിര്‍ദ്ദേശം.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എം.എല്‍.എമാരുടെ ആദ്യ യോഗം ചേരുമ്പോള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ സാന്നിധ്യം നിര്‍ണ്ണായകമാകും. ഡല്‍ഹിയില്‍ നിന്നുള്ള നിരീക്ഷകര്‍ എത്തി ഓരോ എം.എല്‍.എയുടെയും അഭിപ്രായം തേടുന്നതോടെ ചിത്രം വ്യക്തമാകും.







