
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമാനതകളില്ലാത്ത തകര്‍ച്ചയ്ക്കാണ്.
140 അംഗ നിയമസഭയില്‍ കേവലം 35 സീറ്റുകളിലേക്ക് എല്‍.ഡി.എഫ് ഒതുങ്ങുമ്പോള്‍, 102 സീറ്റുകളുടെ തിളക്കമാര്‍ന്ന ഭൂരിപക്ഷവുമായി യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലഘട്ടത്തില്‍ സി.പി.എം നേരിടുന്ന ഏറ്റവും വലിയ ഈ പരാജയത്തിന് പിന്നാലെ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃശൈലിക്കെതിരെ അണികള്‍ക്കിടയില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഈ രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍ മുന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് പാര്‍ട്ടിയിലെ ഉള്പ്പോരുകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ‘ഒരേയൊരു കോടിയേരി’ എന്ന കുറിപ്പോടെ കോടിയേരിയുടെ ചിത്രം പങ്കുവെച്ച ബിനീഷിന്റെ പോസ്റ്റിന് താഴെ, ഗോവിന്ദന്റെ നേതൃത്വത്തിനെതിരെ കടുത്ത കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
‘കോടിയേരിയെപ്പോലെ ഗോവിന്ദന് മാഷിന് ആകാന്‍ കഴിയില്ല’ എന്നും പാര്‍ട്ടി നേതൃത്വം പാളിപ്പോയെന്നും അണികള്‍ തുറന്നടിക്കുന്നു. കോടിയേരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എ.എന്‍. ഷംസീറിന് ഇത്തവണ സീറ്റ് നല്‍കാതിരുന്നതും ചര്‍ച്ചയാകുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







