Spread the love

കോട്ടയം: ഫ്ലാറ്റിൽ 15 ദിവസം താമസിച്ച ശേഷം വാടക കൊടുക്കാതെ മുങ്ങിയ കേസിൽ ഇന്ത്യൻ കാത്തലിക് ഫോറം മുൻ നേതാവ് ബിനു ചാക്കോ എന്ന ബിനു പഴയചിറയ്ക്ക് ഒരു വർഷം തടവ് ശിക്ഷയും 10,000 രൂപ പിഴയും. വടവാതൂരിലെ അബാദ് ന്യൂഡേൽ ഫ്ലാറ്റിൽ ആയിരുന്നു പ്രതി താമസിച്ചത്.

video
play-sharp-fill

കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3 ആണ് ശിക്ഷ വിധിച്ചത്. വടവാതൂർ സ്വദേശി ജിനു മാത്യുവിന്‍റെ പരാതിയിൽ 2017 ൽ മണർകാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മജിസ്ട്രേട്ട് എസ്. അനന്തകൃഷ്ണൻ ശിക്ഷ വിധിച്ചത്.

പരാതിക്കാരന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ റോബിൻ കെ. നീലിയറയാണ് കേസ് വാദിച്ചത്. വാടക തുകയുടെ ചെക്ക് നൽകിയശേഷം ബിനു ചാക്കോ മുങ്ങി നടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ബോധപൂർവമാണ് പ്രതി തട്ടിപ്പ് നടത്തിയത് എന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫ്ലാറ്റിൽ താമസിക്കുന്നതിനുള്ള കരാർ എന്നിവ തെളിവുകളായി സ്വീകരിച്ചുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്.

വാടകയ്ക്ക് കരാർ എഴുതുന്ന സമയത്ത് കേവലം 72 രൂപ മാത്രമായിരുന്നു പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത്.

വാടക നൽകാനുള്ള പൈസ ഇല്ലാതിരുന്നിട്ടും കരാർ എഴുതിയത് ബോധപൂർവമുള്ള തട്ടിപ്പിനു വേണ്ടിയാണെന്ന് കോടതി നിരീക്ഷിച്ചു.

പ്രതിദിനം 3500 രൂപ നിരക്കിൽ 52500 രൂപ ആണ് പരാതിക്കാരന് പ്രതി നഷ്ടം വരുത്തിയത് എന്ന് വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

കത്തോലിക്കാ സഭയുടെ വിവിധ സ്ഥാപനങ്ങളിൽ എംബിബിഎസ് കോഴ്സിന് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസിലും ഇയാൾ പ്രതിയാണ്. തൊഴിൽ തട്ടിപ്പ് നടത്തിയതിലും ഇയാൾക്കെതിരെ കേസുണ്ട്.