
കേരളത്തിൽ കൊടും ചൂട് തുടരുന്നതിനിടെ ആശ്വാസമായി കാലാവസ്ഥ പ്രവചനം. ഇന്ന് മുതൽ വേനൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇത് പ്രകാരം 5 ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അടുത്ത 3 മണിക്കൂർ നേരത്തേക്ക് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മറ്റന്നാൾ യെല്ലോ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് മെയ് ആറ് വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതികഠിനമായ വേനൽച്ചൂട് തുടരുന്നതിനിടെയാണ് ഇപ്പോൾ ആശ്വാസമായി മഴ എത്തുന്നത്.






