
നാഗപട്ടണം: വിജയ് തമിഴനാട്ടില്‍ അധികാരത്തില്‍ എത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കിടെ വേളാങ്കണ്ണി പള്ളിയില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത ആവേശവും ബഹളവും.
ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകര്‍ കാരണം പള്ളിയിലെ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാ ചടങ്ങുകളും തടസ്സപ്പെട്ടു.
വിജയ് എത്തുമെന്ന് കരുതി പുലര്‍ച്ചെ നാലുമണി മുതല്‍ പള്ളി പരിസരം ആരാധകരെക്കൊണ്ട് വീര്‍പ്പുമുട്ടിയിരുന്നു. എന്നാല്‍ താരം എത്താതിരുന്നിട്ടും ആരാധകരുടെ ആവേശം അതിരുവിട്ടത് പള്ളി അധികൃതരെയും വിശ്വാസികളെയും ഒരുപോലെ കുഴപ്പിച്ചു.
പുലര്‍ച്ചെ അഞ്ചുമണിയോടെ പള്ളിയുടെ വാതിലുകള്‍ തുറന്നപ്പോള്‍ കണ്ടത് സിനിമയെ വെല്ലുന്ന ദൃശ്യങ്ങളാണ്. അകത്തേക്ക് ഇരച്ചുകയറിയ ആരാധകര്‍ ബലിപീഠത്തിന് മുന്നില്‍ നിന്ന് ‘ടി.വി.കെ, ടി.വി.കെ’ (തമിഴക വെട്രി കഴകം) എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. പള്ളിക്കകത്ത് മൊബൈല്‍ ഫോണിനും ഫോട്ടോയ്ക്കും കര്‍ശന നിരോധനമുണ്ടായിട്ടും അതൊന്നും വകവെക്കാതെ ആരാധകര്‍ ക്യാമറകള്‍ ഓണ്‍ ചെയ്ത് ബഹളം വെച്ചു. ഇതോടെ നിശ്ചയിച്ചിരുന്ന കുര്‍ബാന വൈകുകയും വിശ്വാസികള്‍ ബുദ്ധിമുട്ടുകയും ചെയ്തു. ഒടുവില്‍ വൈദികര്‍ നേരിട്ട് ഇടപെട്ട് ആരാധകരെ ശാന്തരാക്കിയ ശേഷമാണ് പ്രാര്‍ത്ഥനകള്‍ തുടരാനായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിര്‍ദ്ദി സായിബാബ ക്ഷേത്രത്തിലും തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വിജയ് സന്ദര്‍ശനം നടത്തിയിരുന്നു. മേയ് നാലിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം മുന്നില്‍ക്കണ്ട് തമിഴ്നാടിന്റെ മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താരം ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഇതിന്റെ ഭാഗമായാണ് വേളാങ്കണ്ണി പള്ളിയിലും നാഗൂര്‍ ദര്‍ഗയിലും വിജയ് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതോടെയാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരാധകര്‍ ഒഴുകിയെത്തിയത്. വിജയ് എത്തില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടും മണിക്കൂറുകളോളം ആരാധകര്‍ പള്ളി പരിസരത്ത് മുദ്രാവാക്യം വിളികളുമായി തുടര്‍ന്നു.
വിജയ്യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകന്‍’ വലിയ പ്രതിസന്ധികളെയാണ് ഇപ്പോള്‍ നേരിടുന്നത്. സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കം മൂലം റിലീസ് നീണ്ടുപോയ സിനിമ ഇപ്പോള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത് സിനിമാ വ്യവസായത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സിനിമ ചോര്‍ന്നതിലൂടെ ഏകദേശം 300 മുതല്‍ 400 കോടി രൂപയുടെ വരെ നഷ്ടം ഉണ്ടായേക്കാമെന്ന് പ്രമുഖ വിതരണക്കാരന്‍ തിരുപ്പൂര്‍ സുബ്രഹ്‌മണ്യം മുന്നറിയിപ്പ് നല്‍കുന്നു. ഇത് സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനെയും ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളെയും സാരമായി ബാധിക്കുമെന്നാണ് ആശങ്ക. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോള്‍ തുടങ്ങിയ വന്‍ താരനിരയാണുള്ളത്







