
കേരളത്തിൽ യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുകയാണ്. ഇതിന്റെ പേരിൽ തുടങ്ങിയ ഫ്‌ളക്‌സ് യുദ്ധവും കൊടുമ്പിരി കൊള്ളുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ കേരളത്തിൽ ഫ്ളക്സുകൾ വീണ്ടും തലപൊക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ ഉയര്‍ത്തിക്കാട്ടി കണ്ണൂരിലും, ഇടുക്കിയിലും ഫ്ളക്സുകൾ ഉയർന്നു. പിന്നാലെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് കോട്ടക്കലിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചാണ് കോട്ടക്കലിലെ ബാനര്‍. നേതാക്കള്‍ വിഡി സതീശന്റെ പിആര്‍ ചതിക്കുഴിയില്‍ വീഴരുതെന്നും, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നുമാണ് ബാനര്‍. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചത്. നേതാക്കളേ നിങ്ങളോടാണ്, ഉമ്മന്‍ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ സതീശന്‍ ഇപ്പോള്‍ പിആര്‍ വര്‍ക്കിലൂടെ നമ്മുടെ പാര്‍ട്ടിയേയും നേതാക്കന്‍മാരേയും മണ്ടന്മാരാക്കുകയാണ്. ഇത് അനുവദിച്ചു കൊടുക്കരുത് എന്നാണ് ബാനറില്‍ പറയുന്നത്.
അതേസമയം കണ്ണൂർ ഇരിക്കൂറിൽ നിയുക്ത മുഖ്യമന്ത്രി എന്ന് വിഡി സതീശനെ വിശേഷിപ്പിക്കുന്ന ഫ്‌ളക്‌സാണ് പ്രത്യക്ഷപ്പെട്ടത്. തൊടുപുഴയിലും വിഡി സതിശന് വേണ്ടി ഫ്‌ളക്‌സ് ഉയര്‍ന്നിരുന്നു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. പട നയിച്ചവന്‍ നാടു നയിക്കും എന്ന് ഫ്‌ളക്‌സില്‍ പറയുന്നു. ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







