
കഴിഞ്ഞ മാസങ്ങളിലായി കേരളത്തിൽ അതികഠിനമായ വേനലായിരുന്നു. മിക്കയിടങ്ങളിലും വേനൽമഴ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല. അതിനിടെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വേനല്‍ മഴ പെയ്തത് പത്തനംതിട്ട ജില്ലയിലെന്ന് കണക്കുകൾ. ശരാശരിയെക്കാള്‍ കൂടുതല്‍ മഴ പത്തനംതിട്ട ജില്ലയിലാണ് ലഭിച്ചത്. 244.9 മില്ലിമീറ്റര്‍ ശരാശരി മഴ ലഭിക്കേണ്ട സ്ഥാനത്ത് 256.7 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. വ്യാഴാഴ്ച രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ചാണിത്. മുപ്പതാം തിയതി ഉച്ചകഴിഞ്ഞ് പെയ്ത മഴയുടെ കണക്കുകൂടി ചേര്‍ത്താലിത് ഇനിയും വര്‍ധിക്കും. കോഴിക്കോട് ജില്ലയിലും ശരാശരിക്കടുത്ത് മഴ ലഭിച്ചു.
ഒമ്പത് ജില്ലകളില്‍ 20 ശതമാനം മുതല്‍ 40 ശതമാനം വരെ മഴ കുറഞ്ഞു. ഇടുക്കി 61 ശതമാനം, മലപ്പുറം 71 ശതമാനം, പാലക്കാട് 74 ശതമാനം എന്നിങ്ങനെയാണ് മഴ കുറവ്. സംസ്ഥാനത്താകെ കഴിഞ്ഞ രണ്ടു മാസം 46 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ലക്ഷദ്വീപില്‍ നാല് മില്ലിമീറ്റര്‍ മഴ മാത്രമാണ് പെയ്തത്. 44.5 മില്ലിമീറ്റര്‍ പെയ്യേണ്ട സ്ഥാനത്താണ് ഇത്ര മഴ പെയ്തത്. അതേസമയം, ഈ മാസം ഇന്ത്യയിലുടനീളം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.






