
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ പൂർണ്ണമായും തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍.
ജനങ്ങള്‍ സർക്കാരിനൊപ്പമാണെന്നും എല്‍ഡിഎഫിന് അനുകൂലമായ ഫലമായിരിക്കും പുറത്തുവരികയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടപ്പിലാക്കിയത് മാതൃകാപരമായ ജനക്ഷേമ പ്രവർത്തനങ്ങളാണ്. ഈ വികസനത്തുടർച്ചയ്ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് എക്സിറ്റ് പോളുകള്‍ പോലും പ്രവചിക്കുന്നില്ല. നിലവിലെ കണക്കുകള്‍ യഥാർത്ഥ ജനവിധിയെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഒരു തരത്തിലുള്ള രാഷ്ട്രീയ അനിശ്ചിതത്വത്തിനും സാധ്യതയില്ല. ശക്തമായ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നും തൂക്കുസഭ പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ യാതൊരുവിധ ഭരണവിരുദ്ധ വികാരവുമില്ല. ജനങ്ങള്‍ക്ക് വേണ്ടി മാതൃകാപരമായി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വോട്ടെണ്ണല്‍ പൂർത്തിയാകുമ്പോള്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അപ്രസക്തമാകുമെന്നും ജനങ്ങള്‍ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച നല്‍കുമെന്നുമാണ് സിപിഐ(എം) കേന്ദ്രങ്ങളുടെയും മന്ത്രിയുടെയും ഉറച്ച വിശ്വാസം.







