Spread the love

കോട്ടയം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതിനൊപ്പം ഉപ്പുവെള്ളം ആറുകളിലേക്ക് ഒഴുകിയെത്തിയത് വരും ദിവസങ്ങളില്‍ കുടിവെള്ള വിതരണത്തെ ബാധിച്ചേക്കും.

video
play-sharp-fill

90 ഷട്ടറുകള്‍ പൂർണമായി തുറന്നതോടെ പമ്പിംഗ് സ്റ്റേഷനായ താഴത്തങ്ങാടി കുളപ്പുരക്കടവ് വരെ ഉപ്പുവെള്ളമെത്തി. താഴത്തങ്ങാടി പാലത്തിന് സമീപം ഓരുമുട്ട് സ്ഥാപിക്കാതായതോടെ ഉപ്പുവെള്ളം ആറിലെയും തോട്ടിലെയും വെള്ളത്തില്‍ കലരാൻ ഇടയായി.

ഇനി വേനല്‍മഴ ശക്തി പ്രാപിച്ച്‌ ആറ്റിലെ ഒഴുക്ക് ശക്തമായാലേ ഉപ്പു രസം മാറൂ. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ ഉപ്പ് രസം അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപ്പുവെള്ളത്തില്‍ പോളയും പായലും ചീഞ്ഞഴുകിയതോടെ ആറുകളിലെയും തോടുകളിലെയും വെള്ളം തുണി അലക്കാനോ കുളിക്കാനോ ഉപയോഗിക്കാനാകുന്നില്ല. വെള്ളത്തിലിറങ്ങിയാല്‍ ജലജന്യ രോഗങ്ങള്‍ക്കും സാദ്ധ്യതയുണ്ട്.

ചെങ്ങളത്തു നിന്ന് കുമരകത്തേക്കുള്ള പ്രധാന പൈപ്പുലൈൻ കടന്നു പോകുന്നത് വെള്ളക്കെട്ടിലൂടെയാണ്. പൈപ്പുകളില്‍ പൊട്ടല്‍ ഉണ്ടായാലും ഉപ്പുവെള്ളം കലരും. താഴത്തങ്ങാടി വരെ എത്തിയ ഉപ്പുവെള്ളം പാറമ്പുഴ ഭാഗത്തെത്തിയാല്‍ കോട്ടയം നഗരത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള പമ്പിംഗിനെയും ബാധിച്ചേക്കും.

ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടിയതിനാല്‍ മോട്ടോർ കേടാകുമെന്നതിനാല്‍ ആറുകളിലെ ജലസംഭരണികളില്‍ നിന്നുള്ള പമ്പിംഗ് നിറുത്തുന്ന സാഹചര്യമുണ്ടായേക്കും.