
ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂര്‍ മുളക്കുഴ പുത്തന്‍പീടികയില്‍ അഷറഫ് പിഎംന്റെയും സുനീതയുടെയും മകന്‍ 23കാരനായ ആസിഫ് അഷറഫ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45ഓടെയാണ് അപകടം നടന്നത്. പുത്തന്‍കാവ് പളളി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു യുവാവ്. ഇതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മാലക്കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മെയ് 15ന് ദുബായിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
അതേസമയം, തൃശൂരില്‍ നാലു കുട്ടികള്‍ക്കും ഇന്ന് ഇടിമിന്നലേറ്റു. ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് മിന്നലേറ്റത്. ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നീ കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. എല്ലാവരെയും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.






