
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം. കൊന്ന് കുഴിച്ചു മൂടിയത് തന്നെ. മരിച്ചത് കാണാതായ മേരിക്കുട്ടിയും (78) മകൻ റെജിയും (48) സംഭവത്തില്‍ മേരിയുടെ ഇളയമകൻ സജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
അമ്മയെയും സഹോദരനെയും കാണാനില്ലെന്ന മകൾ സിനി നൽകിയ പരാതിയിലാണ് സംഭവം പുറത്തുവന്നത്. പരാതിയെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടുവളപ്പിൽ മണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധിച്ച് നടത്തിയ പരിശോധനയിൽ കുഴിയിൽ നിന്നും രണ്ടു മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ഫോറൻസിക് പരിശോധനയിൽ അവ പുരുഷന്റെയും സ്ത്രീയുടെയും ശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും റെജിയുടെയുംതാണോ എന്ന് ഉറപ്പിക്കാൻ ഡി.എൻ.എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് മേരിക്കുട്ടിയുടെ ഇളയമകൻ സജിയെ പൊലീസ് സംശയിക്കുന്നു. പരിശോധനയ്ക്കായി പൊലീസ് വീട്ടിലെത്തിയപ്പോൾ സജി ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഇയാളെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സജിയെപ്പറ്റി വിവരമുള്ളവർ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു .
ഈ മാസം 9 വരെ മേരിക്കുട്ടിയെയും റെജിയെയും നാട്ടുകാർ കണ്ടതായി പറയുന്നു. അതിനുശേഷമാണ് ഇരുവരെയും കാണാതായത്. സഹോദരങ്ങൾക്കിടയിൽ മുൻപ് തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ പരിശോധനകൾക്കും തെളിവെടുപ്പിനുമായി പൊലീസ് അന്വേഷണം തുടരുകയാണ്.







