Spread the love

ബംഗ്ലാദേശിലെ അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേഷ് ത്രിവേദിയെ നിയമിച്ചു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദിയെ കേന്ദ്രസർക്കാരാണ് നിയമിച്ചത്. വിദേശകാര്യ മന്ത്രാലയമാണ് നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇദ്ദേഹം ഉടൻ തന്നെ ധാക്കയിൽ എത്തി ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇപ്പോഴത്തെ ഹൈക്കമ്മീഷണറായ പ്രണയ് വർമ്മയ്ക്ക് പകരക്കാരനായാണ് ദിനേഷ് ത്രിവേദി ചുമതലയേൽക്കുന്നത്. പ്രണയ് വർമ്മയെ ബെൽജിയത്തിലെയും യൂറോപ്യൻ യൂണിയനിലെയും ഇന്ത്യൻ അംബാസഡറായി കേന്ദ്ര സർക്കാർ നിയമിച്ചു. സാധാരണ ഐഎഫ്എസ് ഓഫീസർമാരെയാണ് ഹൈക്കമ്മീഷണർമാരായി നിയമിക്കാറുള്ളത്. എന്നാൽ ഇവിടെ ബംഗ്ലാദേശുമായുള്ള രാഷ്ട്രീയ-നയതന്ത്ര ബന്ധം പഴയതുപോലെ ശക്തമാക്കുകയെന്ന ലക്ഷ്യമാണ് രാഷ്ട്രീയ രംഗത്ത് പരിചയസമ്പന്നനായ നേതാവിനെ നിയമിക്കാനുള്ള കാരണമെന്ന് വിലയിരുത്തുന്നു.

video
play-sharp-fill

മൻമോഹൻ സിംഗ് മന്ത്രിസഭയിൽ കേന്ദ്ര റെയിൽവേ മന്ത്രിയായും ആരോഗ്യ വകുപ്പ് സഹമന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2021ലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദിനേഷ് ത്രിവേദിയുടെ നിയമനം ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.