
തിരുവനന്തപുരം: നെയ്യാറ്റിൻകര വ്ളാത്താങ്കരയില്‍ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്ളാത്താങ്കര ആർ സി ചർച്ചിന് സമീപം താമസിക്കുന്ന വിഷ്ണുനാഥ് (36) ആണ് ഭാര്യ അല്‍മയെ (33) കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. പ്രതിയെ പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മക്കളില്ല.
ഭാര്യയെ കൊന്നശേഷം അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിഎസ്‌സി ട്രെയിനിംഗ് സെന്ററിലെ അദ്ധ്യാപകനാണ് വിഷ്ണു. ഒമ്പത് വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു. ഇതുവരെ വീട്ടില്‍ നിന്നും തർക്കങ്ങളോ ബഹളങ്ങളോ ഒന്നും കേട്ടിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു. ഭാര്യയെ കൊന്നുവെന്ന് പറഞ്ഞാണ് ഇന്ന് രാവിലെ വിഷ്ണു സഹോദരന്റെ വീട്ടിലെത്തിയത്.
സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ബെഡ്റൂമില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു അല്‍മ. കഴുത്തിന് പിന്നിലാണ് കുത്തിയതെന്നാണ് വിവരം. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group







