
കോട്ടയം : ചൂട് കനത്തതോടെ മനുഷ്യരെപ്പോലെ തന്നെ താങ്ങാൻ ആവാതെ പക്ഷികളും മൃഗങ്ങളും. കൊടും ചൂടായതോടെ കോട്ടയം നഗരത്തിലെ പക്ഷി വൈവിധ്യം സാരമായ തോതില്‍ കുറഞ്ഞതായി സർവ്വേ റിപ്പോർട്ട്.
ട്രോപ്പിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയൻസസിന്റെ നേതൃത്വത്തില്‍ പക്ഷി നിരീക്ഷകർ, വിദഗ്‌ദ്ധർ, ജൂനിയർ നാച്ചുറലിസ്റ്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ സർവേയില്‍ 31 ഇനം പക്ഷികളെ മാത്രമാണ് കണ്ടെത്തിയത്.
മുൻ വർഷം 47 ഇനം പക്ഷികളെ കണ്ടെത്താനായിരുന്നു. വർധിച്ചുവരുന്ന ചൂടില്‍ പക്ഷികള്‍ കൂടുതല്‍ മരങ്ങള്‍ നിറഞ്ഞ നഗരപ്രാന്തങ്ങളിലേക്ക് മാറുന്നതാണ് ഇതിനു കാരണമായി കണക്കാക്കുന്നത്. കൂടാതെ ചൂടേറിയ സാഹചര്യങ്ങളില്‍ മരപ്പൊത്തുകളിലേക്കും ഇലത്തലപ്പിനുള്ളിലേക്ക് ഒതുങ്ങുന്നതും പക്ഷികളെ കാണുന്നതില്‍ തടസമായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിന്നകുട്ടറുവാൻ , നാട്ടുമൈന, കാക്കകള്‍, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ് , എന്നിവയാണ് നഗരത്തില്‍ ഏറ്റവും അധികമായി കണ്ടത്. ജലപക്ഷികളായ, ചായമുണ്ടി, ചേരകോഴി, എന്നിവയും കണ്ടെത്തി.
നാഗമ്പടം സ്‌റ്റേഡിയം പരിസരത്തുള്ള കൊറ്റില്ലത്തില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കൂടുകളുടെ എണ്ണം കുറഞ്ഞതായി കാണപ്പെട്ടു.
ഒൻപതു മരങ്ങളിലായി ഇരുന്നൂറില്‍ താഴെ കൂടുകള്‍ മാത്രമാണ് കാണാനായത്. ചേരക്കോഴി, ചെറിയ നീർകാക്ക , കിന്നരി നീർകാക്ക എന്നീ പക്ഷികളുടെ കൂടുകളാണ് കാണാനായത്.
കഴിഞ്ഞ വർഷം ഒൻപതു മരങ്ങളിലായി അറുന്നൂറോളം കൂടുകളാണ് ഉണ്ടായിരുന്നത്. നിരന്തരം വർധിച്ചുവരുന്ന വേനല്‍ ചൂട് പക്ഷികളുടെ പ്രജനന ത്തെയും കൂട് നിർമാണത്തെയും ബാധിച്ചിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നഗരത്തെ അഞ്ച് സെക്ടറുകളായി തിരിച്ച് നടത്തിയ സർവ്വേയില്‍ ഏറ്റവുമധികം പക്ഷികളെ കണ്ടെത്തിയത് സി. എം. എസ്. കോളേജ് ക്യാമ്പസ്സിലും രണ്ടാമതായി ഈരയില്‍ കടവിലുമാണ്. നാഗമ്പടം സ്റ്റേഡിയം പരിസരം, കളക്ടറേറ്റ്, പി.ഡബ്ള്യു. ഡി. റസ്റ്റ്‌ഹൌസ് എന്നിവിടങ്ങളിലും കണക്കെടുപ്പ് നടന്നു.
ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് ,അജയകുമാർ എം എൻ, ശരത് ബാബു എൻ ബി, അനൂപാ മാത്യൂസ്, സുഹാന എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സർവ്വേയില്‍ ടൈസ് ജൂനിയർ നാച്ചുറലിസ്റ്റുകള്‍ ഉള്‍പ്പെടെ മുപ്പത്തോളം പേർ പങ്കെടുത്തു







