
കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയും ഐടി ഉദ്യോഗസ്‌ഥയും ആയിരുന്ന 35കാരി കാർത്തിക വി നായരുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കാർത്തികയുടെ മാതാപിതാക്കളായ പനയഞ്ചേരി ശങ്കർ ഭവനിൽ എസ് വേണുഗോപാലൻ നായരും ഭാര്യ കെജി ഇന്ദിരകുമാരിയുമാണ് മരണത്തിൽ സംശയം ഉന്നയിച്ച് മുഖ്യമന്ത്രിയേയും സംസ്‌ഥാന പൊലീസ് മേധാവിയേയും സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 20നാണു കാർത്തികയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ആത്മഹത്യ ചെയ്യേണ്ട കാര്യം ഇല്ലെന്നും അപായപ്പെടുത്തിയത് ആണെന്നാണ് മാതാപിതാക്കൾ പറയുന്നത്.
എംടെക് ബിരുദധാരിയായ കാർത്തികയുടെ വിവാഹം 2018ൽ ആയിരുന്നു. തിരുവനന്തപുരം പട്ടം സ്വദേശിയായ ഭർത്താവിനും അഞ്ചു വയസ്സുകാരിയായ മകൾക്കും ഒപ്പം ബെംഗളൂരുവിൽ ആയിരുന്നു താമസം. മകൾ മരിച്ച വിവരം അറിഞ്ഞു ബെംഗളൂരുവിലെ ഫ്ലാറ്റിൽ ചെന്നപ്പോൾ കൂടുതൽ സംശയം ഉണ്ടായതായി വേണുഗോപാലൻ നായർ പറയുന്നു.
മകളെ ബെംഗളൂരുവിലെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മരിച്ച കാർത്തികയുടെ ഭർത്താവിനെതിരെയാണ് മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നത്. കാർത്തിക ജോലി കഴിഞ്ഞ് ഫ്ളാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് മരണം നടന്നത്. മൃതദേഹം കണ്ടെത്തിയ കുളിമുറിയുടെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. മരണം നടന്ന സമയത്ത് കാർത്തികയുടെ ഭർത്താവ് ഫ്ലാറ്റിനു സമീപത്ത് ഉണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group








