Spread the love

വെള്ളിമാട്കുന്ന്: മൂഴിക്കലില്‍ പതിനാറുകാരിയായ നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ അദിനാന്‍ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ ഒഴിയുന്നില്ല.
കൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ മൊബൈല്‍ ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദിനാന്‍ തന്നെയെന്ന് പോലീസ് ഉറപ്പിച്ചു പറയുമ്ബോഴും, ഇതിന് ആധാരമായ ദൃശ്യങ്ങളൊന്നും ലഭിക്കാത്തത് അന്വേഷണത്തെ കുഴപ്പിക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അദിനാന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫോണ്‍ കിണറ്റിലിടുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടില്ല.

video
play-sharp-fill

ആദ്യഘട്ടത്തില്‍ തെളിവ് നശിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചോ എന്ന സംശയം പോലീസിനുണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്തതോടെ ഈ ദുരൂഹത നീങ്ങിയെന്നാണ് പോലീസ് അവകാശപ്പെടുന്നത്. വീടിന്റെ പുറകുവശത്തെ വാതിലിന്റെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലം അദിനാന് അറിയാമായിരുന്നു. കൃത്യത്തിന് ശേഷം ഈ താക്കോല്‍ ഉപയോഗിച്ച്‌ വാതില്‍ തുറന്ന് അദിനാന്‍ പുറത്തിറങ്ങുന്നതിന്റെ ശബ്ദം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇതിനുശേഷം കിണറിന് അടുത്തേക്ക് പോകുന്നതോ ഫോണ്‍ എറിയുന്നതോ ആയ ദൃശ്യങ്ങള്‍ ലഭ്യമല്ല.

ഈ സാഹചര്യത്തില്‍ അദിനാന്‍ തന്നെയാണ് ഫോണ്‍ നശിപ്പിച്ചത് എന്നതിന് പ്രത്യക്ഷമായ തെളിവില്ലാത്തത് കേസിലെ വലിയ പഴുതായി തുടരുന്നു. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അദിനാന്‍ വീട്ടിലെത്തിയതെന്നാണ് പോലീസ് നിഗമനം. പുലര്‍ച്ചെ 4.50-ന് വീട്ടില്‍ കള്ളന്‍ കയറിയോ എന്ന് സംശയിച്ച്‌ നസ്രീനയുടെ വല്യുമ്മ സഫിയ പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഈ സമയം ഫോണ്‍ അദിനാന്റെ കൈവശമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ച്ചയായ ഫോണ്‍ വിളികള്‍ വന്നതോടെ പരിഭ്രാന്തനായ അദിനാന്‍ പുലര്‍ച്ചെ 5.10-ഓടെ പുറത്തിറങ്ങി ഫോണുകള്‍ കിണറ്റിലെറിയുകയായിരുന്നു എന്നാണ് പോലീസ് വിശദീകരണം. അദിനാന്റെ സ്വഭാവദൂഷ്യം കാരണം മുന്‍പ് വീട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചിരുന്നതായും ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും നശിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഈ വൈരാഗ്യമാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. കൃത്യം നടന്ന വീട്ടിലെ സാഹചര്യങ്ങളും പ്രതിയുടെ മുന്‍കാല പെരുമാറ്റങ്ങളും തമ്മിലുള്ള വൈരുദ്ധ്യം അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. അദിനാന്റെ മരണത്തിലും ദുരൂഹതകളുണ്ടെന്ന് ഒരു വിഭാഗം സംശയിക്കുന്നു. കിണറ്റില്‍ നിന്ന് കണ്ടെടുത്ത ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നതോടെ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമാകൂ.

അതേസമയം, ദൃശ്യങ്ങളുടെ അഭാവത്തില്‍ കേവലം ശബ്ദരേഖയെ മാത്രം അടിസ്ഥാനമാക്കി പോലീസ് നടത്തുന്ന നിഗമനങ്ങള്‍ എത്രത്തോളം ശക്തമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. മൂഴിക്കല്‍ നാടിനെ നടുക്കിയ ഈ ഇരട്ട മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ വിപുലമായ അന്വേഷണത്തിനാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.