
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നില്‍ ലോണ്‍ ആപ്പുകളുടെ സമ്മർദ്ദവും കാരണമാണെന്നാണ് പൊലീസ് വിലയിരുത്തല്‍.
ലോണ്‍ ആപ്പുകള്‍ വലിയ സാമൂഹിക ഭീഷണി ആവുകയാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തില്‍ നിന്ന് വായ്പ ആപ്പ് സംഘം തട്ടിയത് 70 കോടിയെന്ന് പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇരയാകുന്നവരില്‍ അഞ്ചില്‍ ഒന്നും വീട്ടമ്മമാരാണെന്നും പരാതിപ്പെടുന്നവർ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും പൊലീസ് റിപ്പോർട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ ലോണ്‍ ആപ്പുകളുടെ കെണിയില്‍പ്പെട്ട് കേരള പൊലീസിന്റെ സൈബർ വിഭാഗത്തില്‍ സഹായം തേടിയവരില്‍ കേസ് നല്കാൻ തയ്യാറായത് 20 ശതമാനംപേർ മാത്രമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായ്പ ആപ്പ് പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. പണമിടപാടുകള്‍ ഭൂരിഭാഗവും ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും റിപ്പോർട്ട് പറയുന്നു. പണത്തിന് അത്യാവശ്യമുള്ളവർക്ക് പെട്ടെന്ന് പണം നല്‍കുന്നതാണ് ലോണ്‍ ആപ്പുകളെ ആകർഷകമാക്കുന്നത്. എന്നാല്‍ അതിഭീമമായ പലിശയും തിരിച്ചടവ് മുടങ്ങിയാലുള്ള ബ്ലാക്ക്മെയിലും ഭീഷണിയും പലരുടെയും ജീവിതം തന്നെ തകർക്കുകയാണ്. നൂറ് കണക്കിന് ആപ്പുകള്‍ക്കെതിരെ പലതവണ നടപടി ഉണ്ടായിട്ടും തട്ടിപ്പ് ഇന്നും തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണ്‍ലൈൻ ആപ്പുകളുടെ കെണികളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്നും സർക്കാർ സംവിധാനത്തിലൂടെ മാത്രമേ വായ്പ എടുക്കാവൂ, ഓഫറുകള്‍ വേണ്ടെന്ന് വെക്കാനുള്ള ആർജവം കാണിക്കണമെന്നും സൈബർ ഓപ്പറേഷൻ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. വളരെ എളുപ്പം പൈസയുമായി ആള്ക്കാർ തയ്യാറായി നില്‍ക്കുകയാണ്, പത്തിരട്ടി പതിനഞ്ച് ഇരട്ടിയൊക്കെയാണ് തിരിച്ചടവിന് ആവശ്യപ്പെടുന്നത്, അടച്ചില്ലെങ്കില്‍ മാനം പണയം വെക്കുന്ന തരത്തിലുള്ള പ്രവർത്തികളാണ് ഇവർ നടത്തുന്നത്. എപികെ ഫയല്‍സ് ഉപയോഗിച്ചാണ് പല ആപ്പുകളും പ്രവർത്തിക്കുന്നത്. എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. നമ്മുടെ സ്വകാര്യതയും മാനവും ഈട് വെച്ചാണ് ലോണ്‍ ആപ്പുകള്‍ പണം തരുന്നത്. ആർബിഐ അനുസൃതമായി നിയമം അനുശാസിക്കുന്ന ബാങ്കുകളില്‍ നിന്നും മാത്രമേ ലോണ്‍ എടുക്കൂ എന്നത് ഓരോ ആളുകളും തീരുമാനമെടുക്കണം- എസ് ശ്രീജിത്ത് പറഞ്ഞു.



