
പാകിസ്ഥാനും ചൈനയ്ക്കും വെല്ലുവിളിയായ ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ നാവികസേനയുടെ ഭാഗമായി. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചു. അരിധമൻ ഒരു വാക്ക് മാത്രമല്ല ശക്തിയാണെന്ന് പ്രതിരോധമന്ത്രി പ്രതികരിച്ചു. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ ഇന്ത്യയുടെ മറ്റൊരു കുതിച്ചുചാട്ടം കൂടിയാണിത്. ഐഎൻഎസ് അരിധമനെ നാവികസേനയിൽ ഉൾപ്പെടുത്തിയതോടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങൾക്ക് കൂടുതൽ കരുത്താകും.
ഇന്ത്യയുടെ അഡ്വാൻസ്ഡ് ടെക്നോളജി വെസ്സൽ പദ്ധതിയുടെ കീഴിൽ നിർമ്മിച്ച മൂന്നാമത്തെ അരിഹന്ത്-ക്ലാസ് ആണവ അന്തർവാഹിനി ആണിത്. കടലിൽ നിന്ന് ആണവ ആക്രമണം നടത്താനുള്ള കഴിവ് ഈ അന്തർവാഹിനിക്കുണ്ട്. അന്തർവാഹിനിയുടെ 90 ശതമാനത്തിലധികവും ഇന്ത്യയിലാണ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. വിശാഖപട്ടണത്തെ കപ്പൽ നിർമ്മാണ കേന്ദ്രത്തിൽ നിർമ്മിച്ച ഈ അന്തർവാഹിനിയിലെ ആണവ റിയാക്ടർ ഇന്ത്യൻ എഞ്ചിനീയർമാരുടെ വൈദഗ്ധ്യത്തിന് തെളിവാണ്.


