
കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിർദ്ദിഷ്ട പദ്ധതിപ്രകാരം, കോട്ടയം ജില്ലയിലെ ഭരണങ്ങാനം സ്റ്റേഷനും ചെമ്മലമറ്റത്തിനും മധ്യേ ഏകദേശം 2.5 കിലോമീറ്റർ ദൈർഘ്യം വരുന്ന തുരങ്കം നിർമ്മിക്കേണ്ടി വരും.
ഹൈക്കോടതി അംഗീകരിച്ച റെയില്‍വേ അലൈൻമെന്റ് പ്ലാനിലാണ് ഈ വിവരമുള്ളത്. മലയോര മേഖലയിലൂടെ കടന്നുപോവുന്നതിനാല്‍ ഇത്തരം സങ്കീർണമായ ചില വെല്ലുവിളികള്‍ പാതയ്ക്ക് മുന്നിലുണ്ട്.
ഒരു തുരങ്കം മാത്രമല്ല കോട്ടയത്തെ പാതയില്‍ ഉണ്ടാവുക. ഇതുകൂടാതെ, പാതയില്‍ മൂന്ന് ചെറിയ തുരങ്കങ്ങള്‍ കൂടിയുണ്ടാകും. കോട്ടയം ജില്ലയിലൂടെ മാത്രം 38.780 കിലോമീറ്റർ ദൂരത്തിലാണ് റെയില്‍വേ ലൈൻ കടന്നുപോകുന്നത്, അതായത് അന്തിനാട് (72.450 കി.മീ) മുതല്‍ എരുമേലി സ്റ്റേഷൻ (111 കി.മീ) വരെയുള്ള അവസാന ഭാഗമായിരിക്കും ജില്ലയില്‍ ഉണ്ടാവുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറിയ തുരങ്കങ്ങള്‍ ഭരണങ്ങാനം സ്റ്റേഷനു മുൻപിലും, ഭരണങ്ങാനം-ചെമ്മലമറ്റത്തിന് ഇടയിലും, കാഞ്ഞിരപ്പള്ളി റോഡ്-എരുമേലി സ്റ്റേഷൻ ഇടയിലുമായാണ് നിർമ്മിക്കുക. എട്ട് വലിയ പാലങ്ങളും 44 ചെറിയ പാലങ്ങളും പാതയിലുണ്ടാകുമെന്നാണ് അലൈൻമെന്റ് സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ശബരി റെയില്‍പാതയുടെ നിർമ്മാണം അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും.
പാലങ്ങള്‍ ഇങ്ങനെ: കാഞ്ഞിരപ്പള്ളി റോഡ്-എരുമേലി ഭാഗത്ത് രണ്ടും, കാഞ്ഞിരപ്പള്ളി റോഡിനടുത്ത് രണ്ടും. ചെമ്മലമറ്റത്തിനും ഭരണങ്ങാനത്തിനുമിടയില് നാല് റെയില്‍വേ പാലങ്ങളുണ്ട്. 18 റെയില്‍വേ ഓവർബ്രിഡ്ജുകളും (ആർഒബി) 8 റെയില്‍വേ അണ്ടർബ്രിഡ്ജുകളും (ആർയുബി) പദ്ധതിയുടെ ഭാഗമാണ്. ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷനുകളിലായി രണ്ട് യാർഡുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാൻ ആലോചനയുണ്ട്.



