
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകൾക്ക് വലിയ ആശ്വാസവുമായി സർക്കാരിന്റെ പ്രഖ്യാപനം. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ വർഷങ്ങളായി കുമിഞ്ഞുകൂടിയ പിഴയിൽ പകുതി തുക മാത്രം അടച്ച് കേസുകൾ തീർപ്പാക്കാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങി.
30.12.2024-ന് മുൻപ് ചാർജ് ചെയ്ത ചെല്ലാനുകൾക്ക് മാത്രമാണ് ഇളവ് ബാധകമായിരിക്കുന്നത്. ഇളവ് ആനുകൂല്യം ലഭിക്കുന്നതിനായി 30.04.2026-നുള്ളിൽ തുക അടച്ചു തീർക്കേണ്ടതുണ്ട്.
മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ services.mvd.kerala.gov.in വഴി ഉടമകൾ രജിസ്റ്റർ ചെയ്യണം എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐ ക്യാമറകൾ വഴിയും മറ്റും ലഭിച്ച പിഴകൾ അടയ്ക്കാത്തത് കാരണം ആർ.സി പുതുക്കൽ (RC Renewal), ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ കൈമാറ്റം (Ownership Transfer) എന്നിവ തടസ്സപ്പെട്ടവർക്ക് ഈ തീരുമാനം വലിയ തുണയാകും.
ക്യാമറ പിഴകൾ ഉൾപ്പെടെയുള്ള എല്ലാ കുടിശ്ശികകൾക്കും ഈ ഇളവ് ബാധകമാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന സൂചന.
പിഴത്തുക വലിയ ബാധ്യതയായതോടെ പലരും നിയമനടപടികൾ ഭയന്ന് മാറിനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പിഴ പകുതിയായി കുറച്ച് കുടിശ്ശിക പിരിച്ചെടുക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.







