
കർണാടക: കാറിന് തീപ്പിടിച്ച് യാത്രക്കാരനായ 70 വയസ്സുകാരൻ മരിച്ചു. ഞായറാഴ്ച ചിക്കബല്ലാപുരിലെ ബാഗേപ്പള്ളി ആച്ചേപ്പള്ളി ക്രോസിന് സമീപത്തായിരുന്നു സംഭവം.
ബെംഗളൂരു കനകപുര റോഡിലെ രഘുവനഹള്ളിയിൽ താമസിക്കുന്ന ഉദയ് കുമാറാണ് മരിച്ചത്. നാട്ടിലുള്ള അമ്മയെ കണ്ട് കാറിൽ മടങ്ങുകയായിരുന്നു ഉദയ്കുമാർ. യാത്രയ്ക്കിടെയാണ് ആച്ചേപ്പള്ളി ക്രോസിന് സമീപത്തുവെച്ച് ഉദയ് സഞ്ചരിച്ച കാറിന് തീപ്പിടിച്ചത്.
ഇതുവഴിയെത്തിയ മറ്റുയാത്രക്കാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും കാർ കത്തിനശിച്ചിരുന്നു. പിന്നീടാണ് കാറിനുള്ളിൽനിന്ന് കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, അപകടമോ മറ്റെന്തെങ്കിലും യന്ത്രത്തകരാറോ കാരണമല്ല തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. സംഭവം ആത്മഹത്യയാണെന്ന സൂചനകളുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.







