
തിരുവല്ല: കള്ളനെ പായിക്കാൻ പോലീസ് വിദ്യ പ്രയോഗിച്ച് വീട്ടമ്മ.മുൻ വാതിലിന്റെ പൂട്ട് തകർത്ത് ഉള്ളില്‍ കടന്ന മോഷ്ടാവ് പോലീസ് എത്തും മുൻപേ സ്ഥലം വിട്ടു.. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടില്‍ സഫിയ നൗഷാദിന്റെ (65) വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ മോഷ്ടാവ് എത്തിയത്.
കള്ളന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കിടപ്പുമുറിയിലെ എല്ലാ കുറ്റികളുമിട്ട് പോലീസ് ഇപ്പോഴെത്തുമെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞാണ് സഫിയ മോഷ്ടാവിനെ അകറ്റിയത്. സഫിയ തനിച്ചാണ് താമസം.
ഞായറാഴ്ച പുലർച്ചെ ഉണർന്നു. ഫോണില്‍ നോക്കിയപ്പോള്‍ സമയം 2.20. പത്തുമിനിറ്റോളം ഉറക്കം വരാതെ കിടക്കുമ്പോള്‍ പുറത്ത് ചില ഒച്ചകള്‍ കേട്ടു. ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് കിടപ്പുമുറി. അല്പം കഴിഞ്ഞപ്പോള്‍ താഴത്തെ നിലയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ടു. മോഷ്ടാവാണെന്ന് ഉറപ്പിച്ചു. ഒരുകിലോമീറ്റർ മാറി താമസിക്കുന്ന മകളെയും മരുമകനെയും ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. മുറിയിലെ എല്ലാ കുറ്റികളുമിടാൻ അവർ നിർദേശിച്ചു. മരുമകൻ പുളിക്കീഴ് പോലീസില്‍ വിവരം അറിയിച്ചു.
ഇതിനിടെ കിടപ്പുമുറിയുടെ വാതിലിലുള്ള ഹാൻഡില്‍ തിരിയുന്നത് സഫിയ കണ്ടു. ഉടൻ ഉച്ചത്തില്‍ ‘ഇപ്പം വരുമെടാ പോലീസ്, നീ നില്‍ക്ക്’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഇതോടെ പുറത്തെ അനക്കം കേള്‍ക്കാതായെന്ന് സഫിയ പറഞ്ഞു. അരമണിക്കൂറിനകം മകളും മരുമകനും പിന്നാലെ പോലീസും സ്ഥലത്ത് എത്തി. അവർ വന്നശേഷമാണ് കിടപ്പുമുറി തുറന്ന് സഫിയ പുറത്തിറങ്ങിയത്. താഴത്തെ അലമാരകള്‍ തുറന്ന നിലയിലായിരുന്നെങ്കിലും കാര്യമായ വസ്തുക്കള്‍ ഇവിടെനിന്ന് കവർച്ച ചെയ്യപ്പെട്ടിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്തിച്ചന്തയില്‍ ആറ്റുമാലില്‍ വീട്ടിലും ഞായറാഴ്ച രാത്രി കവർച്ച നടന്നിരുന്നു. മുൻവാതിലാണ് കുത്തിത്തുറന്നത്. അന്തരിച്ച ന്യൂറോ സർജൻ ഡോ. സജീവ് തോമസിന്റെ വീടാണിത്. വീട് അടച്ചിട്ടിരിക്കുകയാണ്. സജീവ് തോമസിന്റെ വിദേശത്തുള്ള മക്കള്‍ എത്തിയാല്‍ മാത്രമേ എന്തൊക്കെ നഷ്ടമായി എന്നത് വ്യക്തമാകൂ.
സജീവ് തോമസിന്റെ വീടിന്റെ മുൻപിലെ സി.സി.ടി.വി.യില്‍ മൂന്നു മണിയോടെ കമ്പിപ്പാരയും വെട്ടുകത്തിയുമായി നടന്നുപോകുന്ന മോഷ്ടാവിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. പുളിക്കീഴ് പോലീസ് അന്വേഷണം തുടങ്ങി. മൂന്ന് മാസത്തിനിടെ നെടുമ്പ്രം ഭാഗത്ത് പത്ത് കവർച്ച നടന്നതായി നാട്ടുകാർ പറഞ്ഞു.



