നിയമസഭാ തെരഞ്ഞെടുപ്പിനായി കെപിസിസി സമർപ്പിച്ച സ്ഥാനാർഥി പട്ടികയില്‍ 40 സീറ്റുകള്‍ക്ക് സ്ക്രീനിംഗ് കമ്മിറ്റിയുടെ അംഗീകാരം: 10 സീറ്റുകളിൽ തുടർചർച്ച: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുകയാണ് ലക്ഷ്യം.

Spread the love

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനായി കെപിസിസി സമർപ്പിച്ച സ്ഥാനാർഥി പട്ടികയില്‍ 40 സീറ്റുകള്‍ക്ക് സ്ക്രീനിംഗ് കമ്മിറ്റിയുടെ അംഗീകാരം.
10 സീറ്റുകളിലെ പട്ടിക തുടർചർച്ചകള്‍ക്കായി മാറ്റിവച്ചു. ഇതിനിടെ പാലക്കാട് സീറ്റില്‍ ജില്ലാ നേതൃത്വം നിർദ്ദേശിച്ച പേരുകള്‍ വെട്ടി രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള ഷാഫി പറമ്പില്‍ എംപിയുടെ നീക്കത്തിന് നേതൃത്വം വഴങ്ങിയെന്നാണ് സൂചന.

video
play-sharp-fill

ഇതിന് പുറമെ മുല്ലപ്പള്ളി രാമചന്ദ്രനെ കോഴിക്കോട് ജില്ലയില്‍ ഒരിടത്ത് പോലും പരിഗണിക്കാൻ കെപിസിസി നേതൃത്വം തയ്യാറായിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുന്നതിന് മുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. 50 സീറ്റുകളിലെ സ്ഥാനാർഥി പട്ടികയാണ് കെപിസിസി നേതൃത്വം സ്ക്രീനിങ് കമ്മിറ്റിക്ക് സമർപ്പിച്ചത്. ഇതില്‍ 40 സീറ്റുകളിലെ പേരുകള്‍ക്ക് അംഗീകാരം ലഭിച്ചു. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ ഒഴികെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എമാർ തുടരും.

ലൈംഗികപീഡന കേസില്‍ ഉള്‍പ്പെട്ട് പാർട്ടി പുറത്താക്കിയതിനെ തുടർന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയത്. ആരോഗ്യ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബുവും വ്യക്തമാക്കിയിരുന്നു. കോഴിക്കോട് നോർത്ത്, ഉദുമ, കണ്ണൂർ, തിരുവനന്തപുരം അടക്കം 10 മണ്ഡലങ്ങളിലെ പട്ടിക തുടർ ചർച്ചകള്‍ക്കായി മാറ്റിവച്ചു. ഇതില്‍ തിരുവനന്തപുരം മണ്ഡലം സിഎംപിക്ക് നല്‍കുന്നതില്‍ ചർച്ചകള്‍ നടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് മണ്ഡലത്തില്‍ കണ്ണൻ ഗോപിനാഥൻ, കെ. മുരളീധരൻ എന്നിവരുടെ പേരുകളാണ് ജില്ലാ നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ നടനും സംവിധായകനുമായ രമേഷ് പിഷാരടിയെ മത്സരിപ്പിക്കണമെന്നാണ് ഷാഫി പറമ്പില്‍ എംപിയുടെ നിലപാട്. ഷാഫിയുടെ ആവശ്യത്തോട് കേന്ദ്ര നേതൃത്വം വഴങ്ങാനാണ് സാധ്യത.

കോഴിക്കോട് കോണ്‍ഗ്രസ് മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ ഒരിടത്ത് പോലും മുൻ കെപസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്ല. മുല്ലപ്പള്ളിയെ കണ്ണൂരില്‍ പരിഗണിക്കാൻ സാധ്യതയുണ്ട്. കൊയിലാണ്ടിയില്‍ ഡിസിസി പ്രസിഡണ്ട് കെ. പ്രവീണ്‍ കുമാർ, നാദാപുരത്ത് കെ.എം. അഭിജിത്, എലത്തൂരില്‍ വിദ്യാ ബാലകൃഷ്ണൻ, കോഴിക്കോട് നോർത്ത് കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നീ പേരുകളാണ് പട്ടികയില്‍.

ബാലുശേരി മണ്ഡലത്തില്‍ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് കെ.ടി. സൂരജിന്റെയും, മുൻ എംപി രമ്യാ ഹരിദാസിന്റെയും പേരുകളാണ് പട്ടികയിലുള്ളത്. 40 സീറ്റുകളില്‍ സ്ഥാനാർഥി നിർണയം ആയതോടെ, മറ്റു പത്ത് മണ്ഡലങ്ങളില്‍ കൂടി ഉടൻ തീരുമാനമെടുക്കും. ആദ്യ ഘട്ടത്തില്‍ 50 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.