
പത്തനംതിട്ട: സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠര് രാജീവരും തമ്മിലുള്ള ബന്ധത്തിന് 20 കൊല്ലത്തിലേറെ പഴക്കം. 2004-ലെ മണ്ഡലകാലംമുതൽ ഉണ്ണികൃഷ്ണൻ പോറ്റി സന്നിധാനത്തുണ്ടെങ്കിലും പൂജാസഹായിയായിമാറുന്നത് 2007 മാർച്ചിലെ ഉത്സവകാലത്താണ്.
പോറ്റിയുമായി ശബരിമലയിൽ കണ്ടുള്ള പരിചയം മാത്രമാണെന്നാണ് രാജീവര് മുൻപ് പറഞ്ഞിരുന്നത്. നേരത്തേ നൽകിയ മൊഴികളിലും തന്ത്രി ഈ നിലപാടാണ് എടുത്തിരുന്നത്.
എന്നാൽ, സന്നിധാനത്തെ പ്രധാനചടങ്ങുകളിൽ മുഖ്യസ്ഥാനത്ത് പോറ്റി നിൽക്കുന്ന ചിത്രങ്ങൾ ആദ്യമായിട്ടാണ് പുറത്തുവന്നത്. ഇത് അന്വേഷണസംഘത്തിന് വലിയ പിടിവള്ളിയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെ പൂജാരിസ്ഥാനത്തുനിന്നാണ് പോറ്റി 2007-ൽ ശബരിമല ഉത്സവച്ചടങ്ങുകളിലേക്കെത്തിയത്. താൻ സന്നിധാനത്തെത്തിയപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി രാജീവരുടെ മുറിയിൽനിന്നിറങ്ങിവന്നാണ് സഹായിച്ചതെന്ന് സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ബെല്ലാരി സ്വദേശി ഗോവർധൻ മൊഴിനൽകിയിരുന്നു.
തന്ത്രിയുടെ തൊട്ടുപിന്നിൽ നിൽക്കുകയും അടുപ്പം ഉണ്ടാവുകയും ചെയ്തതോടെ പോറ്റി തട്ടിപ്പുലോകത്ത് വളരുകയായിരുന്നുവെന്നാണ് നിഗമനം.
2018 ആയപ്പോഴേക്കും പൂജകളിൽനിന്ന് പോറ്റി പിൻവാങ്ങി, സ്‌പോൺസർ എന്ന റോളിലേക്കുമാറി. താൻ പറഞ്ഞാൽ തന്ത്രി കേൾക്കും എന്ന നിലയിലേക്ക് പോറ്റി അപ്പോഴേക്കും മാറിയിരുന്നു.
കഴിഞ്ഞവർഷം രാജീവരുടെ മകന്റെ വിവാഹം തിരുവല്ലയിൽ നടന്നപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി മന്ത്രിമാരെയും രാഷ്ട്രീയനേതാക്കളെയും സ്വീകരിക്കാനും മറ്റും മുൻനിരയിലുണ്ടായിരുന്നു.



