
ചെങ്ങന്നൂര്‍: മകന്റെ വിവാഹം ശരിയാക്കി തരാമെന്ന് പറഞ്ഞു 3.81 ലക്ഷം രൂപയും അഞ്ചു പവന്‍ സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പരാതി. പ്രതികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പരാതിക്കാരിയെ കൊണ്ട് തിരിച്ചറിഞ്ഞതിന് ശേഷവും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചുവെന്നും ആക്ഷേപം.
കല്ലിശേരി സ്വദേശിയാണ് പരാതിക്കാരി. വിദേശത്ത് ജോലി ചെയ്യുന്ന 42 വയസുള്ള മകന് വിവാഹം കഴിപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ കാണിച്ചായിരുന്നു തട്ടിപ്പ്. 2022 മുതല്‍ കഴിഞ്ഞ വര്‍ഷം മേയ് 30 വരെ പല തവണയായി 3,81,500 രൂപയും അഞ്ചു പവന്‍ സ്വര്‍ണാഭരണവും വിവാഹ ബ്രോക്കര്‍ അടക്കം രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് പരാതി.
പരാതിയിൽ പന്തളം പെരുമ്പുളിക്കല്‍ സ്വദേശിനി സുഭദ്രാമ്മാള്‍, പത്തനംതിട്ട സ്വദേശിനി ലത, പത്തനംതിട്ട മലയാലപ്പുഴ താഴം സ്വദേശി സുശീല എന്നിവരെ പ്രതികളാക്കി കഴിഞ്ഞ മാസം 11 ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ ഇട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്യാണ ബ്രോക്കറായ മലയാലപ്പുഴക്കാരി സുശീലയും സുഭദ്രയും ചേര്‍ന്ന് ലത എന്ന യുവതിയുടേതാണെന്ന് പറഞ്ഞ് ഒരു മൊബൈല്‍ നമ്പര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
വിവാഹാലോചന വഴിയാണ് കല്യാണ ബ്രോക്കറായ മലയാലപ്പുഴക്കാരി സുശീലയെ പരിചയം. ഇവരാണ് സുഭദ്രയുടെ നമ്പര്‍ കൊടുത്തിട്ട് അതില്‍ വിളിക്കാന്‍ പരാതിക്കാരിയോട് പറയുന്നത്. ഫോട്ടോയിലെ സുന്ദരിയെ കണ്ട് ഇഷ്ടപ്പെട്ട പരാതിക്കാരിയും മകനും ലതയെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ലത രാജസ്ഥാനിലെ തുണിമില്ലില്‍ ജോലി ചെയ്യുകയാണെന്നും പക്ഷേ, അവര്‍ക്ക് ഏഴു ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നും അത് തീര്‍ത്താല്‍ മാത്രമേ വിവാഹം നടക്കുകയുള്ളൂവെന്നും പരാതിക്കാരിയെയും മകനെയും പ്രതികള്‍ വിശ്വസിപ്പിച്ചു.
ഫോട്ടോയില്‍ കാണിച്ച ലതയുടേതാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പരും പ്രതികള്‍ പരാതിക്കാരിക്കും മകനും കൈമാറി. 2022 ജൂലൈ 13 ന് ആദ്യം മകന്റെ മൂന്നു പവന്‍ സ്വര്‍ണമാല ഊരി സുഭദ്രയെ ഏല്‍പ്പിച്ചു. 17 ന് വീണ്ടും വീട്ടിലെത്തിയ സുഭദ്ര ആദ്യം കിട്ടിയ മാല തികഞ്ഞില്ലെന്ന് പറഞ്ഞ് പരാതിക്കാരിയുടെ രണ്ടു പവന്‍ മാല കൂടി വാങ്ങിക്കൊണ്ടു പോയി.



