
എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ വിഡി സതീശനെതിരെ ഫ്ലക്സ് ബോര്‍ഡുകള്‍. പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ലെന്നാണ് ഫ്ലക്സ് ബോര്‍ഡിലുള്ളത്. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി’യുടെ പേരിലാണ് ബോര്‍ഡ്. വി ഡി സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു. കളമശേരി സയന്‍സ് പാര്ക്കിന് സമീപവും ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു.
കോൺഗ്രസിലെ മുഖ്യമന്ത്രി പോര് രൂക്ഷമായതിന് പിന്നാലെയാണ് വിഡി സതീശനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് എഐസിസി നിര്‍ദ്ദേശ പ്രകാരം കെപിസിസി കര്‍ശന വിലക്ക് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പോരിലെ എതിര്‍പ്പ് എല്ലാ നേതാക്കളെയും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിളിച്ചറിയിച്ചു. ഏറ്റുമുട്ടലിൽ ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. അതേസമയം വിലക്ക് വരേണ്ടത് മാധ്യമങ്ങള്‍ക്കെന്ന് പറഞ്ഞ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിന് മാധ്യമങ്ങളെ പഴിക്കുകയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.






