
കോഴിക്കോട് : മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് ഉൾപ്പെടെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ 45 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി.
28 പേർ വനിതകളാണ്. എൻഡിഎ ഘടകകക്ഷികളുമായി ചർച്ച പൂർത്തിയാക്കി രണ്ടു ദിവസത്തിനുള്ളിൽ ബാക്കി സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
കോർപറേഷനിൽ കെ.സുരേന്ദ്രനാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഏകോപന ചുമതല. കോർപറേഷനിൽ എൻഡിഎക്ക് നിലവിൽ ഏഴു സീറ്റാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ തവണ 22 വാർഡുകളിൽ രണ്ടാം സ്ഥാനത്തായിരുന്നു. ബിജെപി ദേശീയ പ്രവർത്തകസമിതി അംഗം കെ.പി.ശ്രീശൻ ഇത്തവണ മത്സരിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിൽ പ്രാദേശികതലത്തിൽ മികച്ച പ്രകടനം നടത്തുന്ന യുവാക്കൾക്ക് അവസരം കൊടുക്കാൻ മത്സരിക്കില്ലെന്നാണ് നിലപാട്.
മേയർ സ്ഥാനാർഥിയായി ആരെയും തീരുമാനിച്ചിട്ടില്ലെന്നും ശേഷിക്കുന്ന വാർഡുകളിൽ എതിർ സ്ഥാനാർഥികളെ കൂടി വിലയിരുത്തിയ ശേഷമാകും സ്ഥാനാർഥി പ്രഖ്യാപനമെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ രണ്ടു തവണയും വിജയിച്ച കാരപ്പറമ്പ് വാർഡിൽ നിന്നാകും നവ്യ ഹരിദാസ് ജനവിധി തേടുക. കഴിഞ്ഞ തവണ വിജയിച്ച പുതിയറ വാർഡ് വനിതാ സംവരണമായതോടെ ഇത്തവണ തൊട്ടടുത്തുള്ള പൊറ്റമ്മൽ വാർഡിൽ ആകും ബിജെപി ജില്ലാ സെക്രട്ടറി ടി.രനീഷ് മത്സരിക്കുക.
ജില്ലാ ട്രഷറർ ഷിനു പിണ്ണാണത്ത് ബേപ്പൂർ വാർഡിൽ മത്സരിക്കും. മഹിളാ മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് വിന്ധ്യ സുനിൽ ബേപ്പൂർ പോർട്ട് വാർഡിലും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രമ്യ മുരളി നടുവട്ടം വാർഡിലും മത്സരിക്കും.



