
“ഊതി പെരുപ്പിച്ച കണക്കുകളല്ല, സത്യമായവയാണ് പുറത്തു വിടുന്നത്, കണക്ക് മൂടിവെക്കണമെങ്കില്‍ അത് നിർമ്മാതാക്കൾ താരസംഘടന അമ്മയുമായി ചർച്ച ചെയ്യട്ടെ”; കുഞ്ചാക്കോ ബോബന് മറുപടിയുമായി ഫിയോക്; മലയാള സിനിമകളുടെ കളക്ഷന്‍ പുറത്തുവിടുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ചു
കൊച്ചി: തിയേറ്ററുകളിലെത്തുന്ന മലയാള സിനിമകളുടെ കളക്ഷന്‍ പുറത്തുവിടുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. താന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കളക്ഷന്‍ കണക്കുകളെ മുന്‍നിര്‍ത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട ലിസ്റ്റിനെ നടന്‍ കുഞ്ചാക്കോ ബോബന്‍ ചോദ്യം ചെയ്തിരുന്നു.
കുഞ്ചാക്കോ ബോബന്‍റെ പേര് പറയാതെ, അതിനുള്ള പ്രതികരണമെന്ന് തോന്നുന്ന തരത്തിലും ഫിയോക് പ്രതികരിച്ചിട്ടുണ്ട്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഫിയോകിന്‍റെ പ്രതികരണം. സിനിമാ കണക്കുകൾ പുറത്തുവിടുന്നതിൽ ആരും അലോസരപെട്ടിട്ട് കാര്യമില്ലെന്ന് ഫിയോക് പ്രസിഡന്‍റ് വിജയകുമാര്‍ പറഞ്ഞു.
“ഊതി പെരുപ്പിച്ച കണക്കുകളല്ല, സത്യമായവയാണ് പുറത്തു വിടുന്നത്. ഊതി പെരുപ്പിച്ച കണക്കുകൾ കണ്ട് പലരും സിനിമ പിടിക്കാൻ വന്നു കുഴിയിൽ ചാടും. അത് ഒഴിവാക്കാൻ കൂടിയാണ് കണക്കുകൾ പുറത്തു വിടുന്നത്”, ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസർ ഓൺ ഡ്യൂട്ടിയുടെ കണക്കുകൾ അടക്കം കൃത്യമായാണ് പുറത്തു വിട്ടതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വരും മാസങ്ങളിലും കണക്കുകള്‍ പുറത്തുവിടുന്നതിനെ തങ്ങള്‍ എതിര്‍ക്കില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
“കണക്ക് മൂടിവെക്കണമെങ്കില്‍ അത് നിർമ്മാതാക്കൾ താരസംഘടന അമ്മയുമായി ചർച്ച ചെയ്യട്ടെ. പുതിയ നിർമ്മാതാക്കളെ കുഴിയിൽ ചാടിക്കാൻ ഇടനിലക്കാർ ഉണ്ട്. അവരുടെ കെണിയിൽ അകപ്പെടാതിരിക്കാൻ കൂടിയാണ് ഇപ്പൊൾ കണക്കുകൾ പുറത്തു വിടുന്നത്”, വിജയകുമാര്‍ പറഞ്ഞു.
അതേസമയം ഉടന്‍ തിയറ്ററുകളില്‍ എത്താനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ വന്‍ വിജയമാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. “എമ്പുരാനിലൂടെ തിയറ്റർ ഉടമകൾ എല്ലാവരും രക്ഷപെടും. എമ്പുരാൻ വമ്പിച്ച വിജയമാകണമെന്ന് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ പോലും ആഗ്രഹിക്കുന്നു. അതിലൂടെ തിയേറ്ററുകളിൽ നിന്ന് ലഭിക്കാനുള്ള നികുതി കുടിശിക ലഭിക്കും എന്നാണ് അവരുടെ പ്രതീക്ഷ”, വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 13 കോടി ബജറ്റില്‍ എടുത്ത സിനിമയാണെന്നും 11 കോടിയാണ് കളക്റ്റ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട ഫെബ്രുവരി ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, ചിത്രത്തിന്‍റെ നിര്‍മ്മാണ ചെലവ് 13 കോടി അല്ലെന്നും കളക്ഷന്‍ 11 കോടിയുടെ ഇരട്ടിയോ അതിനേക്കാള്‍ കൂടുതലോ ആയിരിക്കുമെന്നും കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചിരുന്നു.
കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം നിര്‍മ്മാതാവിന് ലഭിച്ച വിഹിതമാണ് ഉദ്ദേശിച്ചതെങ്കില്‍ അതും 11 കോടിയില്‍ കൂടുതലാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. എന്നാല്‍, തിയറ്ററിൽ നിന്നും വിതരണക്കാരിൽ നിന്നും ലഭിക്കുന്ന വരുമാനക്കണക്കാണ് തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന്‍റെ വാദം. മുതൽമുടക്ക് സംബന്ധിച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടതെന്നും സംഘടന പ്രതികരിച്ചിരുന്നു.