video
play-sharp-fill

പ്രതിക്ഷ ശബരിമല അയ്യപ്പനിൽ: കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി; തുഷാർ തൃശൂരിൽ

പ്രതിക്ഷ ശബരിമല അയ്യപ്പനിൽ: കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി; തുഷാർ തൃശൂരിൽ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല അയ്യപ്പനിൽ പ്രതീക്ഷ അർപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ശബരിമല സമരത്തിന്റെ ഭാഗമായി ജയിലിൽ കഴിയേണ്ടി വന്ന ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ തന്നെ പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഒടുവിൽ തീരുമാനിച്ചു. മൂന്നു ദിവസം നീണ്ട ആശങ്കകൾക്കൊടുവിൽ ശനിയാഴ്ച ഉച്ചയോടെയാണ് കെ.സുരേന്ദ്രനെ ബിജെപി പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തൃശൂർ മണ്ഡലത്തിലും സ്ഥാനാർത്ഥിയാകുമെന്നും പ്രഖ്യാപിച്ചു.
രണ്ടു ദിവസം മുൻപാണ് സംസ്ഥാനത്ത് 16 സീറ്റുകളിൽ പത്തനംതിട്ട ഒഴിച്ചിട്ട് ബിജെപി എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധർപിള്ള പത്തനംതിട്ട സീറ്റിൽ അവകാശ വാദം ഉന്നയിച്ച് രംഗത്ത് എത്തിയതോടെയാണ് ആശങ്ക ഉടലെടുത്തത്. കേന്ദ്ര നേതൃത്വത്തിൽ നിർണ്ണായക സ്വാധീനമുള്ള പി.എസ് ശ്രീധരൻപിള്ള സുരേന്ദ്രനെ വെട്ടി കേന്ദ്ര നേതൃത്വത്തിൽ പിടിമുറുക്കുമെന്ന സൂചന ലഭിച്ചിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വച്ചായിരുന്നു ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ പി.എസ് ശ്രീധരൻപിള്ള സന്നദ്ധനായതെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീധരൻപിള്ള കേന്ദ്ര നേതൃത്വത്തിൽ സമ്മർദം ശക്തമാക്കിയത്.
എന്നാൽ, സുരേന്ദ്രന് സീറ്റ് നിഷേധിക്കപ്പെടുമെന്ന ആശങ്ക ഉയർന്നതോടെ സോഷ്യൽ മീഡിയയിൽ പ്രവർത്തകർ വൻ പ്രതിഷേധം ഉയർത്തിയിരുന്നു. സുരേന്ദ്രനെ തന്നെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി വേണമെന്നതായിരുന്നു പ്രവർത്തകരുടെ ആവശ്യം. എന്നാൽ, ഇതിനിടെ എൻഎസ്എസ് പിൻതുണയോടെ പി.ജെ കുര്യൻ ബിജെപിയിൽ എത്തുമെന്നും പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്നുമുള്ള സൂചന പുറത്ത് വന്നതോടെ ബിജെപി കേന്ദ്രങ്ങൾ സ്ഥാനാർത്ഥി പ്രഖ്യാപനം വീണ്ടും വൈകിപ്പിച്ചു. ഇതിനിടെ ശനിയാഴ്ച രാവിലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പി.ജെ കുര്യൻ അഭ്യൂഹങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ ബിജെപി കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ചത്.
ശബരിമലയിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ നടന്ന സമരത്തിൽ പ്രതിഷേധവുമായി എത്തിയ കെ.സുരേന്ദ്രൻ ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്നു. സ്മരത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്കും നേരിട്ടിരുന്നു. മണ്ഡലകാലത്ത് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്കോടെയാണ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രൻ മണ്ഡലത്തിൽ ഇക്കുറി ജനവിധി നേടാൻ എത്തുന്നത്. സുരേന്ദ്രൻ എത്തുന്നത് ബിജെപിയുടെ മണ്ഡലത്തിലെ സാധ്യത വർധിപ്പിക്കുമെന്നതാണ് ആർഎസ്എസ് ബിജെപി പ്രവർത്തകർ അവകാശപ്പെടുന്നു. എന്നാൽ, ശബരിമല സമരത്തിൽ ഇരുമുടിക്കെട്ട് അടക്കം താഴെയിട്ട് പ്രതിഷേധിച്ച കെ.സുരേന്ദ്രനെതിരെ ഭക്തർ തന്നെ രംഗത്ത് എത്തുമെന്നാണ് ഇടത് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നും കോൺഗ്രസ് – സിപിഎം നേതൃത്വങ്ങൾ കണക്ക് കൂട്ടുന്നു.
ആശങ്കകകൾക്കൊടുവിൽ തൃശൂർ മണ്ഡലത്തിൽ ബിഡജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയായി എത്തും. തുഷാറിന് തൃശൂരിൽ പരാജയപ്പെട്ടാലും രാജ്യസഭാ സീറ്റ് ബിജെപി കേന്ദ്ര നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇതേ തുടർന്നാണ് തുഷാർ ഏറ്റവും ഒടുവിൽ തൃശൂരിൽ മത്സരിക്കാൻ സന്നദ്ധനായതെന്നാണ് സൂചന.