Spread the love

കൊല്ലം: തുണിയലക്കുന്നതിനിടെ കാല്‍വഴുതി കല്ലടയാറ്റില്‍ വീണ് ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷം അത്ഭുത രക്ഷപ്പെടല്‍.

video
play-sharp-fill

ശക്തമായ ഒഴുക്കില്‍പ്പെട്ട് 10 കിലോമീറ്ററോളം ദൂരം ഒഴുകി നടന്ന ഇവർ വള്ളിപ്പടർപ്പില്‍ തടഞ്ഞുനിന്നതാണ് രക്ഷയായത്. കുളക്കട കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ (64) യാണ് രണ്ടാം ജന്മത്തിലേക്കു കരതൊട്ടത്.

വള്ളിപ്പടർപ്പിൽ കുടുങ്ങിയ ശ്യാമളയമ്മയുടെ നിലവിളി പരിസരവാസികള്‍ കേട്ടതാണ് രക്ഷയായത്. ആറ്റിലൂടെ ഒഴുകി നടന്ന ഇവരെ കണ്ട് മരിച്ചെന്നാണ് കരയ്ക്കു നിന്നവർ കരുതിയത്. മൃതദേഹമെന്ന് കരുതി പലരും ഇതിന്റെ ചിത്രം പകർത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയോടെ വീടിനു സമീപത്തെ കടവില്‍ തുണി കഴുകാൻ എത്തിയപ്പോള്‍ കാല്‍ വഴുതി ആറ്റില്‍ വീഴുകയായിരുന്നു എന്നാണ് ശ്യാമളയമ്മ പറഞ്ഞത്. എന്നാല്‍ നീന്തല്‍ വശമില്ലാതിരുന്നതിനാല്‍ ഒഴുക്കില്‍പ്പെട്ടു. ആറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നതിനാല്‍ ഒഴുക്കും ശക്തമായിരുന്നു. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് ഒഴുകിപ്പോയി.

മലർന്നു കിടന്ന നിലയില്‍ ഒഴുക്കില്‍പ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു. കുന്നത്തൂർ പാലത്തിനു മുകളില്‍ നിന്ന ചിലർ ഇവർ ഒഴുകിപ്പോകുന്നത് കണ്ടു ദൃശ്യം പകർത്തിയെങ്കിലും ജീവനുണ്ടെന്നു കരുതിയില്ല. ഉച്ചയ്ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തെത്തിയപ്പോഴേക്കും വള്ളിയില്‍ കുടുങ്ങി. ഇതോടെ ഇവർ ഒച്ചത്തില്‍ ബഹളം വെച്ചു.

നിലവിളി കേട്ടു നോക്കിയ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടർപ്പില്‍ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്. ഇവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും പൊലീസില്‍ അറിയിച്ചതും. നാട്ടുകാർ വഞ്ചിയിറക്കി കരയ്ക്ക് എത്തിച്ചു. അഗാധമായ കയമുള്ള ഉരുളുമല ഭാഗത്താണു ശ്യാമളയമ്മ വള്ളിയില്‍ തങ്ങിനിന്നത്. കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയില്‍ കണ്ടത്.