
മാസം ഒന്ന് പിന്നിട്ടിട്ടും പിടിതരാതെ പുലി; തൊടുപുഴ പാറക്കടവ് ഭാഗത്ത് കണ്ടത് ഇല്ലിചാരി മലയില്‍ കണ്ട പുള്ളിപ്പുലി തന്നെയെന്ന് വനംവകുപ്പ്; പുലിയെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തം
തൊടുപുഴ: തൊടുപുഴ നഗരത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന പുലിയെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
തൊടുപുഴ നഗരസഭയുടെ കീഴിലുള്ള പാറക്കടവ് ഭാഗത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ വാദം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇല്ലിചാരി മലയില്‍ കണ്ട പുള്ളിപ്പുലി തന്നെയാണ് ഇവിടെയും എത്തിയതെന്നാണ് നിഗമനം.
കഴിഞ്ഞദിവസം രാത്രിയില്‍ മലങ്കര എസ്റ്റേറ്റിന്റെ ഭാഗമായ കാത്തോലിയില്‍ പുലിയെ കണ്ടതായും നാട്ടുകാർ പറയുന്നുണ്ട്. ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇല്ലിചാരിമലയുടെ മുകളില്‍ ആദ്യം വച്ച കൂട്ടില്‍ പുലി കുടുങ്ങാത്തതിനെ തുടർന്ന് രണ്ടാമതും കൂട് വച്ചു. എന്നിട്ടും പുലി കുടുങ്ങിയില്ല.
ഇതിനിടെ അമ്പലപ്പടി, പൊട്ടൻപ്ലാവ് മേഖലകളിലെ പുലിമടയ്ക്ക് സമീപത്തുള്ള ക്യാമറയില്‍ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു. തുടർന്ന് ഇല്ലിചാരി മലയില്‍ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊട്ടൻപ്ലാവിലേക്ക് മാറ്റി സ്ഥാപിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ കൂട് സ്ഥാപിച്ചത്. ഇതില്‍ ജീവനുള്ള ആടിനെ കെട്ടിയാണ് കെണിയൊരുക്കിയിരിക്കുന്നത്. ആടിനെ പിടിക്കുംമുമ്പ് തന്നെ പുലി കൂട്ടിലകടപ്പെടുന്ന തരത്തിലുള്ള കെണിയാണിത്.