
ഭാവിയെക്കുറിച്ച് നൂറായിരം സ്വപ്നങ്ങളുമായി 22 വർഷങ്ങൾക്ക് മുൻപ് ഒഡീഷയിൽനിന്ന് എറണാകുളത്തേക്ക് വണ്ടി കയറി ;സ്വരുക്കൂട്ടിയ സാമ്പാദ്യത്തിൽ നിന്ന് സ്വപ്ന വീട് പടുത്തുയർത്തി ഒഡീഷസ്വദേശി അഭിജിത്ത്.
സ്വന്തം ലേഖിക.
കൊച്ചി: സ്വദേശമായ ഒഡീഷയിലെ ബാലസോറില്‍നിന്ന് 22 വർഷം മുൻപ് എറണാകുളത്തേക്ക് വണ്ടി കയറുമ്പോള്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കൊപ്പം സ്വന്തമായി ഒരു വീടെന്ന സ്വപ്നം കൂടിയുണ്ടായിരുന്നു അഭിജിത്ത് മണ്ഡല് എന്ന ചെറുപ്പക്കാരന്റെയുള്ളില്‍.
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോൾ കൊച്ചി മരടില്‍ സ്വപ്നവീട് പടുത്തുയര്‍ത്തിയപ്പോള്‍ സന്തോഷത്താല്‍ നിറയുന്നത് അഭിജിത്തിന്റെ മാത്രമല്ല, ഭാര്യ കനക മണ്ഡലിന്റെയും മക്കളായ പ്രദീപ്കുമാര്‍ മണ്ഡലിന്റെയും നിഷാന്ത് മണ്ഡലിന്റെയും കൂടി ഹൃദയങ്ങളാണ്. ഇന്ന് കേരളത്തില്‍ സ്വന്തമായി വീട് നിര്‍മിക്കാനാഗ്രഹിക്കുന്ന അന്തര്‍ സംസ്ഥാനക്കാര്‍ക്ക് പ്രചോദനമാവുകയാണ് ഇവര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാര്‍ഡനിങ് ജോലിക്കാരനായി കൊച്ചിയില്‍ ജീവിതമാരംഭിച്ചതു മുതല്‍ കുഞ്ഞു കുഞ്ഞു നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടിയാണ് അഭിജിത്ത് മരട് നഗരസഭ മൂന്നാം വാര്‍ഡില്‍ രണ്ടര സെൻറ് വാങ്ങുകയും രണ്ടു മുറികളും ഹാളും അടുക്കളയുമെല്ലാമുള്ള സുന്ദര വീട് പണിയുകയും ചെയ്തത്.
ബന്ധുക്കളും പരിചയക്കാരും ആവുന്ന പോലെ സഹായിച്ചു. ഒപ്പം നഗരസഭ പി.എം.എ.വൈ പദ്ധതിയിലുള്‍പ്പെടുത്തി നാലര ലക്ഷം രൂപയും അനുവദിച്ചു. ഫണ്ടിലെ പകുതിയാണ് കിട്ടിയത്. വീട്ടുനമ്പർ ഇട്ട് കഴിഞ്ഞാല്‍ ബാക്കി ലഭിക്കും. കരാറുകാരനും അയല്‍വാസിയുമായ പാട്രികും സാമ്പത്തികമായി വിട്ടുവീഴ്ച ചെയ്തു.
വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലുമെല്ലാം പൂന്തോട്ടവും പുല്ത്തകിടിയുമൊരുക്കുക, ചെടി പരിപാലിക്കുക തുടങ്ങിയ ജോലികളാണ് അഭിജിത്തിന്. കേരളത്തിലെത്തിയപ്പോള്‍ 21 വയസ്സായിരുന്നു. പിന്നീട് അഞ്ചു വര്‍ഷം കഴിഞ്ഞാണ് കനകയെ വിവാഹം ചെയ്ത് ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നത്. ഇവിടെ വന്ന് പല വാടകവീടുകളിലും മാറിത്താമസിച്ചു. ഇതിനിടെ രണ്ടു മക്കളും ജനിച്ചു. മൂത്തയാള്‍ മരട് മാങ്കായില്‍ സ്കൂളില്‍ പ്ലസ്ടുവിനും ഇളയവൻ പൂണിത്തുറ സെൻറ് ജോര്‍ജ് സ്കൂളില്‍ നാലാം ക്ലാസിലും പഠിക്കുന്നു. കനക അടുത്ത വീടുകളില്‍ ജോലിക്കു പോവുന്നുണ്ട്.
കഴിഞ്ഞ 22നായിരുന്നു കണ്ണാടിക്കാട് ഈസ്റ്റ് ഡിവിഷനിലെ ഭാവന റോഡിലുള്ള വീടിന്റെ ഗൃഹപ്രവേശനചടങ്ങ്. കൊച്ചിയില്‍ പലയിടത്തുമുള്ള ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സമ്മാനങ്ങളുമായി എത്തിയിരുന്നു.
നഗരസഭ ചെയര്മാൻ ആൻറണി ആശാംപറമ്പില്‍, സഹായവുമായി കൂടെനിന്ന കൗണ്‍സിലര്‍ രേണുക ശിവദാസ് ഉള്‍പ്പെടെയുള്ളവരും ചടങ്ങിനെത്തി. ഗാര്‍ഡനിങ് ജോലിക്കാരനാണെങ്കിലും സ്ഥലപരിമിതി മൂലം സ്വന്തം വീടിന്റെ മുന്നിലൊരുപൂന്തോട്ടം ഒരുക്കാനാവാത്തതിന്റെ കുഞ്ഞുസങ്കടം അഭിജിത്തിനുണ്ട്.