video
play-sharp-fill

പൂച്ച മാന്തിയതിന് മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവയ്പ്പെടുത്ത പ്ലസ്ടു വിദ്യാർത്ഥിനിയ്ക്ക് ദിവസങ്ങളായി അലർജിയും ബോധക്ഷയവും; കുത്തിവയ്പ്പ് എടുത്തതിലുണ്ടായ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് പരാതി നൽകി മാതാപിതാക്കൾ

പൂച്ച മാന്തിയതിന് മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവയ്പ്പെടുത്ത പ്ലസ്ടു വിദ്യാർത്ഥിനിയ്ക്ക് ദിവസങ്ങളായി അലർജിയും ബോധക്ഷയവും; കുത്തിവയ്പ്പ് എടുത്തതിലുണ്ടായ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് പരാതി നൽകി മാതാപിതാക്കൾ

Spread the love

സ്വന്തം ലേഖകൻ

മുട്ടം: മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പൂച്ച മാന്തിയതിന്കുത്തിവയ്പ്പെടുത്ത പ്ലസ്ടു വിദ്യാർത്ഥിനിയ്ക്ക് ദിവസങ്ങളായി അലർജിയും ബോധക്ഷയവും. മകൾക്കുണ്ടായ ദുരവസ്ഥ ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി മാതാപിതാക്കൾ.

കഴിഞ്ഞ 28ന് രാത്രിയിലാണ് വീട്ടിലെ വളർത്ത് പൂച്ച മുട്ടം സ്വദേശിനിയായ അന്ന മോളുടെ വലത് കൈയിൽ മാന്തിയത്. മുറിവുണ്ടായതോടെ 29ന് രാവിലെ മുട്ടത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തി. ഇവിടെ നിന്ന് ആദ്യ ഡോസ് പ്രതിരോധ മരുന്ന് കുത്തിവച്ചു. മുറിവിൽ കുത്തി വയ്‌ക്കേണ്ട മരുന്ന് ഇവിടെയില്ലെന്നും തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ലഭ്യമാണെന്നും നിർദേശിച്ച് അന്നയെയും മാതാവ് സിമിയെയും പറഞ്ഞയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴയിലും മരുന്ന് ലഭ്യമല്ലാത്തതിനാൽ അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ ഇതേ ഇഞ്ചക്ഷൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് അന്നയ്ക്ക് കുത്തി വച്ചിട്ടുള്ളതിനാൽ നിലവിൽ എടുക്കേണ്ടതില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. രണ്ടാം തീയതി മുട്ടത്തെ ആശുപത്രിയിലെത്തി രണ്ടാം ഘട്ട പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും നിർദ്ദേശിച്ചു. തുടർന്ന് രണ്ടിന് മുട്ടം സി.എച്ച്.സിയിലെത്തി രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ്പെടുത്തു. ഇതിന് ശേഷം പുറത്തിറങ്ങിയ ഉടനെ അന്നയുടെ കൈയ്ക്കും മുഖത്തും ചുണ്ടിലും ചൊറിച്ചിൽ അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിലേക്ക് തിരികെയെത്തി കാര്യം പറഞ്ഞു.

വീണ്ടും പരിശോധിക്കുകയും കുത്തിവയ്പുകളെടുക്കുകയും ചെയ്തു. അപ്പോഴേക്കും അന്നയുടെ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞ് വീണു. ഉടൻ തന്നെ സി.പി.ആർ നൽകിയ ശേഷം ആംബുലൻസ് വിളിച്ചു വരുത്തി കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നാല് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടിയ ശേഷമാണ് അന്ന വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ കുത്തിവയ്‌പ്പെടുത്ത ഇടത് വശത്ത് തളർച്ചയും ബലക്കുറവും അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച മുതൽ വീണ്ടും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

”മുട്ടം ഗവ. ആശുപത്രിയിൽ നിന്ന് കുത്തിവയ്പ്പ് എടുത്തതിലുണ്ടായ പിഴവാണ് മകളുടെ ആരോഗ്യം മോശമാകാൻ കാരണം. ഇക്കാര്യം സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായി. ഇത്രയേറെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും മുട്ടം സി.എച്ച്.സി അധികൃതർ ബന്ധപ്പെടുകയോ വിവരം തിരക്കുകയോ ചെയ്തിട്ടില്ല. മകൾക്കുണ്ടായ ദുരവസ്ഥ ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്.”