
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം നായരമ്പലത്ത് യുവാവിനെ സുഹൃത്ത് കൊലപെടുത്തി.
നായരമ്പലം സ്വദേശി സനോജ് (44 ) ആണ് കൊല്ലപ്പെട്ടത്. സനോജിനെ കുത്തിയ പ്രതി അനില്‍കുമാര്‍ പിടിയിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാത്രി 9:30 ഓടെ നെടുങ്ങാട് അണിയില്‍ റോഡിലാണ് സംഭവം നടന്നത്.
ഇവര്‍ തമ്മില്‍ വാഹന സംബന്ധമായ തര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സനോജ് നേരത്തെ അനില്‍കുമാറിന്റെ വാഹനം വാങ്ങിയിരുന്നു. എന്നാല്‍ ഓണര്‍ഷിപ്പ് കൈമാറാന്‍ അനില്‍കുമാര്‍ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
ഞാറക്കല്‍ പോലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനം വാങ്ങിയ സനോജ് ഇതിന്റെ വായ്പ മുഴുവന്‍ അടച്ച് തീര്‍ത്തിട്ടും അനില്‍കുമാര്‍ ഓണര്‍ഷിപ്പ് കൈമാറാന്‍ തയ്യാറായില്ലെന്നാണ് വിവരം.
പെയിന്റിങ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സനോജ്. അനില്‍കുമാര്‍ കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനാണ്.
സനോജിന് ഇടത് നെഞ്ചിലാണ് കുത്തേറ്റത്.
അനില്‍കുമാര്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ് കുഴഞ്ഞ് വീണ സനോജിനെ എടവനക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതിയെ ഞാറക്കല്‍ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു.