ആക്രമണ സ്വഭാവം കാണിച്ചത് അതികഠിനമായ വേദനകൊണ്ടാകാം; പി.ടി 7ന് നേരെയുണ്ടായത് മനുഷ്യത്വരഹിതമായ നടപടി; ആനയ്ക്ക് ചികിത്സ ലഭ്യമാക്കാന്‍ തയ്യാര്‍- ഗണേഷ്‌കുമാര്‍
സ്വന്തം ലേഖകൻ
കൊല്ലം: പരിക്കേറ്റ കാട്ടാന പി.ടി.7 ന്റെ (ധോണി) ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു നൽകാമെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. താന്‍ പ്രസിഡന്റായ ആന ഉടമ ഫെഡറേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
അതികഠിനമായ വേദന കാരണമാകാം ആന ആക്രമണ സ്വഭാവം കാണിച്ചതെന്നും പി.ടി 7ന് നേരെയുണ്ടായത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘സർവലക്ഷണവും ഒത്ത ആനയായിരിക്കും പി.ടി. സെവൻ. അത് വഴങ്ങും. തന്റെ അറിവ് വെച്ച് അതിന് 18- 20 വയസുണ്ടാവും. ഏറ്റവും പ്രഗൽഭരായ ഡോക്ടറുടെ അടുത്ത് പരിശോധിച്ച് ചികിത്സ ലഭ്യമാക്കണം. തന്നെക്കൊണ്ട് ആവുംവിധം എന്ത് സഹായവും ചെയ്യും. ഡോക്ടർമാരെ കൊണ്ടുവരാനും ഉപദേശം കൊടുക്കാനും താൻ തയ്യാറാണെന്നും’ അദ്ദേഹം പറഞ്ഞു.
‘മൃഗങ്ങളുടെ മനസ്സ് മനസ്സിലാക്കി വേണം സമീപിക്കാൻ. കർഷകർക്ക് ബുദ്ധിമുട്ടുണ്ടായി എന്നത് ശരിയാണ്. ആരോ നാടൻ തോക്ക് ഉപയോഗിച്ച് കാട്ടാനയെ വെടിവെച്ചിരിക്കുകയാണ്. ഇത്തരം പെല്ലറ്റുകൾ ശരീരത്തിൽ ഇരിക്കുന്നതിന്റെ വേദന സഹിക്കാൻ കഴിയാതെയാണ് ആന ഉപദ്രവിച്ചത്’- അദ്ദേഹം കൂട്ടിച്ചേർത്തു.