
കോട്ടയത്ത് പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മാതാവിന്റെ അച്ഛന് 28 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷണല്‍ ജില്ലാ കോടതി
സ്വന്തം ലേഖിക
കോട്ടയം: കൊച്ചു മകളെ മാതാവിന്റെ അച്ഛന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും.
മുണ്ടക്കയം സ്വദേശിനിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയെ കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി കെ.എന്‍ സുജിത്ത് ശിക്ഷിച്ചത്. 2020 സെപ്റ്റംബര്‍ 19 മുതല്‍ 2020 ഒക്റ്റോബര്‍ 26 വരെയാണ് കേസിനാപ്പദമായ സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിജീവിതയുടെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തി പിരിഞ്ഞു കഴിയുകയായിരുന്നു. പെണ്‍കുട്ടിയും സഹോദരനും കോണ്‍വെന്റില്‍ നിന്നാണ് വിദ്യാഭ്യാസം നടത്തിയിരുന്നത്.
അവധിക്കാലത്ത് ഇരുവരും മാതാപിതാക്കളുടെ വീടുകളിലാണ് കഴിഞ്ഞിരുന്നത്. 2019 മുതലുള്ള അവധിക്കാലത്ത് വീട്ടില്‍ വന്ന് നിന്നിരുന്നപ്പോഴാണ് പെണ്‍കുട്ടിയുടെ മാതാവിന്റെ അച്ഛന് പീഡിപ്പിച്ചത്.
ഒരു ദിവസം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ മാതാവ് കുട്ടി കുളിക്കുമ്പോള്‍ പ്രതി ഒളിഞ്ഞു നോക്കുന്നത് കണ്ടെത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന് കേസ്. പെണ്‍കുട്ടിയോട് മാതാവ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്തറിഞ്ഞത്.
തുടര്‍ന്ന് മാതാവ് മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത മുണ്ടക്കയം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്റ്റര്‍ വി.ഷൈന്‍കുമാര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
വിചാരണയില്‍ 14 സാക്ഷികളെയും 17 പ്രമാണങ്ങളും പ്രോസിക്യൂഷന് ഭാഗത്ത് നിന്നും ഹാജരാക്കി. പോക്സോ വകുപ്പിലെ ആറാം വകുപ്പ് പ്രകാരം 20 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കഠിന തടവ് അനുഭവിക്കണം.
പോക്സോ പത്താം വകുപ്പ് പ്രകാരം 5 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും , പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവും അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം.എന്‍ പുഷ്കരന് കോടതിയില്‍ ഹാജരായി.