ആവേശപ്പോരിൽ സ്വിസ്സ്; സെർബിയക്ക് നിരാശയോടെ മടക്കം; പൊരുതി നിന്ന സെർബിയയെ തോൽപ്പിച്ച് സ്വിറ്റ്സർലൻഡിന്റെ പ്രീക്വാർട്ടർ പ്രവേശനം; ജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്
ദോഹ : നിർണായക മത്സരത്തിൽ സെർബിയക്കെതിരെ സ്വിറ്റ്സർലണ്ടിന് ആവേശജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സെർബിയയെ തോൽപ്പിച്ച് രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലൻഡിന്റെ പ്രീക്വാർട്ടർ പ്രവേശനം.
ബ്രസീലിനും ആറ് പോയന്റാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ അവർ പട്ടികയിൽ മുന്നിലെത്തി.ഒരു പോയന്റോടെ പട്ടികയിൽ അവസാനസ്ഥാനത്താണ് സെർബിയ. സെർബിയ ഒരു മത്സരം പോലും വിജയിക്കാതെയാണ് ലോകകപ്പിൽ നിന്ന് പുറത്തായത്.
മത്സരത്തിന്റെ ആദ്യപകുതി സമനിലയിലായിരുന്നു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയത്. 20-ാം മിനുറ്റിൽ ഷെർദാൻ ഷാക്കിരിയിലൂടെ സ്വിസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 26-ാം മിനുറ്റിൽ മിത്രോവിലൂടെ സെർബിയ ഒപ്പമെത്തി. 35-ാം മിനുറ്റിൽ വ്യാഹോവിച്ചിലൂടെ ഗോൾ നേടി സെർബിയ ലീഡ് ഉയർത്തി. എന്നാൽ, ആദ്യപകുതിയുടെ അവസാനനിമിഷം എംബോളയിലൂടെ ഗോൾ മടക്കി സ്വിറ്റ്സർലാൻഡ് ഒപ്പമെത്തി. ഒപ്പത്തിനൊപ്പം പൊരുതി നിന്ന ആദ്യ പകുതി ആവേശം നിറച്ചതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം പകുതിയുടെ മൂന്നാം മിനുറ്റിൽ ഫ്ലൂലെറിലൂടെയാണ് സ്വറ്റ്സർലാൻഡ് വിജയഗോൾ നേടിയത്.കളിയുടെ അവസാനമായപ്പോഴേക്കും ഇരു ടീമിലെയും കളിക്കാർ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഏറെ ബുദ്ധിമുട്ടിയാണ് കളിക്കാരെ റഫറി നിയന്ത്രിച്ചത്. ഇതിനിടെ ഇരു ടീമുകളിലേയും നിരവധിപ്പേർക്ക് മഞ്ഞക്കാർഡും കിട്ടി. 3-4-1-2 ഫോർമേഷനിലാണ് സെർബിയ കളത്തിലിറങ്ങുന്നതെങ്കിൽ 4-2-3-1 ഫോർമേഷനിലാണ് സ്വിസ് പട ഇറങ്ങിയത്.