play-sharp-fill
ഒപ്പത്തിനൊപ്പം പോരാട്ടം ; മൈതാനത്ത് തീ പടർന്നു ; ആവേശ പോരാട്ടത്തിനോടുവിൽ സമനിലയിൽ പിരിഞ്ഞ് സ്പെയിനും ജർമ്മനിയും

ഒപ്പത്തിനൊപ്പം പോരാട്ടം ; മൈതാനത്ത് തീ പടർന്നു ; ആവേശ പോരാട്ടത്തിനോടുവിൽ സമനിലയിൽ പിരിഞ്ഞ് സ്പെയിനും ജർമ്മനിയും

ദോഹ : ലോകകപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ‌ സമനിലയിൽ പിരിഞ്ഞ് സ്പെയിനും ജർമനിയും. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. സ്പെയിന് വേണ്ടി അൽവാരോ മൊറാട്ടയും ജർമനിക്കായി ഫുൾക്രു​ഗും ​ഗോളുകൾ നേടി. 

കളി തുടങ്ങി ആറാം മിനിറ്റിൽ സ്പെയിനിന്റെ ഗോളെന്നുറച്ചൊരു ഷോട്ട് ജർമൻ ഗോളി മാനുവൽ നൂയർ തട്ടിയകറ്റി. പ്രെദി, ഗാവി, മാർകോ അസെൻസിയോ എന്നിവരുടെ തകർപ്പനൊരു നീക്കത്തിൽ ഒൽമോയുടെ ഷോട്ട് ജർമൻ ഗോളി രക്ഷപെടുത്തി. നൂയർ തട്ടിയ പന്ത് ബാറിൽ ഉരസിയ ശേഷമാണു പുറത്തേക്കു പോയത്. ആദ്യ പകുതിയുടെ തുടക്കത്തിൽ സ്പെയിന്റെ മികച്ച പ്രസിങ് ഗെയിമിൽ ജർമൻ താരങ്ങൾ കുഴങ്ങിപ്പോയി. ജർമനിയുടെ സാന്നിധ്യം ഏതാനും കൗണ്ടർ ആക്രമണങ്ങളിലൊതുങ്ങി.

പതിയെ ജർമനി താളം കണ്ടെത്തി തുടങ്ങി. 24-ാം മിനിറ്റിൽ സ്പെയിൻ ​ഗോൾ കീപ്പർ ഉനെയ് സിമോണന്റെ ഒരു ക്ലിയറൻസ് നേരെ വന്നത് സെർജിയോ ​ഗ്നാർബി കാലുകളിലേക്കായിരുന്നു. ബയേൺ താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയത് സ്പാനിഷ് സംഘത്തിന് ആശ്വാസം നൽകി. തൊട്ടടുത്ത നിമിഷം മറുവശത്ത് ന്യൂയറിന്റെ ഒരു ക്ലിയറൻസും പിഴച്ചു. പക്ഷേ, ഫെറാൻ ടോറസ് ഫസ്റ്റ് ടച്ച് എടുത്ത് ഷോട്ട് ഉതിർത്തപ്പോഴേക്കും റൗം രക്ഷക്കെത്തി ബ്ലോക്ക് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് ശേഷം ആദ്യ നിമിഷങ്ങളിലെ അങ്കലാപ്പും സ്പെയിന്റെ ഹൈ പ്രസിം​ഗും നേരിട്ട് ജർമനി മത്സരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മെച്ചപ്പെട്ട നിലയിലുള്ള കളി പുറത്തെടുത്തു. അവസാനം ഓഫ്സൈഡ് വിസിൽ മുഴങ്ങിയെങ്കിലും 33-ാം മിനിറ്റിൽ ​ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഫെറാൻ ടോറസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. അവസരങ്ങൾ കൂടുതൽ മെനഞ്ഞ് എടുത്തത് സ്പെയിൻ ആയിരുന്നു. എന്നാൽ, അത് ​ഗോളാക്കിയെടുക്കാനാണ് എൻ‍റിക്വയുടെ കുട്ടികൾ വിഷമിച്ചത്. 39-ാം മിനിറ്റിലാണ് ജർമനിയുടെ സ്വപ്ന നിമിഷം പിറന്നത്. കിമ്മിച്ച് എടുത്ത ഫ്രീകിക്കിൽ റൂ‍ഡി​ഗറിന്റെ ഹെഡ്ഡർ വല തുളച്ചു. വാർ തീരുമാനത്തിൽ ​ഗോൾ നിഷേധിക്കപ്പെട്ടതോടെ ആ ​ഗോൾ മറ്റൊരു സ്വപ്നമായി മാറി. അവസാന നിമിഷങ്ങളിൽ മറ്റൊരു ഫ്രീകിക്കിൽ റൂഡി​ഗറിന്റെ ഷോട്ട് സിമോൺ തടഞ്ഞിടുകയും ചെയ്തു.

ജയിക്കാനുറച്ച് തന്നെ ഇരു ടീമുകളും രണ്ടാം പകുതിയിൽ ഇറങ്ങിയപ്പോൾ ആദ്യ നിമിഷങ്ങളിൽ തന്നെ മൈതാനത്ത് തീപടർന്നു. ഇരു ബോക്സിലേക്കും മുന്നേറ്റങ്ങൾ എത്തി. വിജയിക്കാനായില്ലെങ്കിൽ അപകടം കാത്തിരിക്കുന്നുവെന്ന് ഉറപ്പായിരുന്ന ജർമനി ഹൈ പ്രസിം​ഗ് തന്നെ നടത്തി. എന്നാൽ, അതിവേ​ഗം പാസിം​ഗിലൂടെ മനോഹരമായി തന്നെ സ്പെയിൻ ഈ നീക്കത്തെ തകർത്തു കൊണ്ടിരുന്നു. വിം​ഗുകളിലൂടെ കുതിച്ച് എത്താൻ സ്പെയിന് സാധിച്ചെങ്കിലും ബോക്സിലേക്ക് അപകടകരമായ ക്രോസുകൾ വരുന്നതിനെ ജർമനി തടഞ്ഞു.

56-ാം മിനിറ്റിൽ സിമോണിന്റെ ​ഗുരുതരമായ മറ്റൊരു പിഴവ് സ്പാനിഷ് ബോക്സിനെ ഒരു നിമിഷത്തേക്ക് ഞെട്ടിച്ചു കളഞ്ഞു. ഇത് മുതലാക്കി ​ഗുണ്ടോ​ഗന്റെ പാസിൽ കിമ്മിച്ച് കിറുകൃത്യം ഷോട്ട് പായിച്ചെങ്കിലും തന്റെ പിഴവിന് പറക്കും സേവിലൂടെ സിമോൺ തന്നെ പ്രായശ്ചിത്തം ചെയ്തു. ഇതിനിടെ ഫൊറാനെ പിൻവലിച്ച് മൊറാട്ടയെ എൻ‍റിക്വ കളത്തിൽ ഇറക്കിയിരുന്നു. 62-ാം മിനിറ്റിലാണ് ഈ നീക്കത്തിന്റെ വിലയെന്താണെന്ന് ജർമനിക്ക് മനസിലായത്. ഇടതു വിം​ഗിൽ നിന്നുള്ള ആൽബയുടെ അളന്നു മുറിച്ച ലോ ക്രോസ് കെഹററിന്റെ ദുർബലമായ പ്രതിരോധ ശ്രമത്തെ തോൽപ്പിച്ച മൊറോട്ട വലയിലാക്കി. ​

ഗോൾ വഴങ്ങിയതോടെ ലിറോയ് സാനെയും ഫുൾക്രു​ഗിനെ ഉൾപ്പെടെ ഇറക്കി ഹാൻസി ഫ്ലിക്ക് കാടിളക്കിയുള്ള ജർമൻ ആക്രമണത്തിനുള്ള അരങ്ങൊരുക്കി. പിന്നെ കളത്തിൽ കണ്ടത് അതുവരെ കാണാത്ത ഒരു പീരങ്കിപ്പടയെ ആയിരുന്നു. സ്പാനിഷ് താരങ്ങളെ വട്ടം കറക്കി മൂസിയാല നൽകിയ ക്രോസിലേക്ക്  ഫുൾക്രു​​ഗിന് കാലെത്തിക്കാനായില്ല. ബയേൺ താരം മൂസിയാലയുടെ എണ്ണം പറഞ്ഞൊരു ഷോട്ട് സിമോൺ കുത്തിയകറ്റുകയും ചെയ്തു. പക്ഷേ, സബ്സ്റ്റിറ്റ്യൂഷൻ കളിയിൽ വീണ്ടും വ്യത്യാസമുണ്ടാക്കി. സ്പാനിഷ് പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത ഫുൾക്രു​ഗിന്റെ പവർ ഷോട്ടിന് സിമോണിന് മറുപടിയുണ്ടായിരുന്നില്ല. ഇഞ്ചുറി സമയത്ത് വിജയ ​ഗോളിനായി ജർമനി ആവും വിധം ശ്രമിച്ച് നോക്കിയെങ്കിലും കാൽപ്പന്ത് കളിയുടെ സൗന്ദര്യം ഒട്ടും ചോരാത്ത ഒരു സമനിലയിൽ കളിയുടെ അവസാന വിസിൽ ഒടുവിൽ മുഴങ്ങി.