
പ്രചാരണ ‘മോടി’ ഇല്ലാതെ ഗ്രാമങ്ങൾ , ദുരിതപർവത്തിൽ കർഷകർ;കൊട്ടിഘോഷിച്ച വിള ഇൻഷുറൻസ് പദ്ധതിയായ ബീമാ ഫസൽ യോജന അവസാനിപ്പിച്ചു,പ്രധാൻ മന്ത്രി കിസാൻ സമ്മാൻനിധി സഹായവും ലഭിക്കുന്നില്ല,പരുത്തിയും നിലക്കടലയും സോയാബീനും മുഖ്യമായും കൃഷിചെയ്യുന്ന ഗുജറാത്തി ഗ്രാമങ്ങൾ ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്,ഗുജറാത്തി മോഡൽ വികസനമെന്നത് ഊതിവീർപ്പിച്ച ബലൂണാണെന്ന വസ്തുതയിലേക്ക്.
‘‘കർഷകരുടെ കടബാധ്യത വർഷംതോറും 10 ശതമാനംവീതം പെരുകുന്നു. രണ്ട് ചെറിയ ഗ്രാമത്തിൽമാത്രം പ്രവർത്തനപരിധിയുള്ള ഞങ്ങളുടെ സംഘത്തിൽ അംഗങ്ങളായ കർഷകരുടെ ഇപ്പോഴത്തെ മൊത്തം കടം രണ്ടു കോടി രൂപയാണ്’’–-ഗുജറാത്ത് മോഡലിന് വോട്ട് ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെക്കുറിച്ച് ഉസ്‌മാൻ ഭായിയുടെ പ്രതികരണമാണിത്. രാജ്‌കോട്ട് ജില്ലയിലെ ഉപ്‌ലേട്ടയിൽ ഹദ്‌ഫോദിൻ, നജഖഡ ഗ്രാമങ്ങളിലെ 250 കർഷകർ അംഗങ്ങളായ കാർഷിക സഹകരണസംഘത്തിന്റെ സെക്രട്ടറിയാണ് ഉസ്‌മാൻ ഭായി.
‘‘ കൃഷിച്ചെലവ് വർധിച്ച്, കർഷകരുടെ വരുമാനം കുറഞ്ഞു. രാസവളങ്ങളുടെ വില കുത്തനെ കൂട്ടി. വളത്തിന് ജിഎസ്‌ടി ചുമത്തി. വിത്തുവിതരണം സ്വകാര്യവൽക്കരിച്ചു. ഗുജറാത്തിലെ നാല് കാർഷിക സർവകലാശാലയിലും വിത്തുൽപ്പാദനം നിർത്തി. ഇവിടെ ശാസ്‌ത്രജ്ഞരെയും അധ്യാപകരെയും നിയമിക്കുന്നില്ല. കർഷകർക്ക് ദിവസം എട്ടു മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. മിക്കവാറും രാത്രിമാത്രം. ഡീസൽ വില ലിറ്ററിന് 100 രൂപയോളമായി’’–- ഉസ്‌മാൻ പറഞ്ഞു.
കൊട്ടിഘോഷിച്ച വിള ഇൻഷുറൻസ് പദ്ധതിയായ ബീമാ ഫസൽ യോജന ഗുജറാത്തിൽ അവസാനിപ്പിച്ചു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻനിധി സഹായവും ലഭിക്കുന്നില്ല. പരുത്തിയും നിലക്കടലയും സോയാബീനുമാണ് ഗ്രാമങ്ങളിൽ മുഖ്യമായും കൃഷിചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലസേചനസൗകര്യമില്ല. കുഴൽക്കിണർവഴി ലഭിക്കുന്ന രാസവസ്‌തുക്കൾ അടങ്ങിയ വെള്ളം മണ്ണിനെ നശിപ്പിക്കുന്നു. കുടിവെള്ളവും മലിനമാണ്. കാർഷികവരുമാനം ഇടിഞ്ഞതോടെ ചെറുപ്പക്കാർ കുടുംബം പട്ടിണിയിലാകുന്നത് തടയാൻ പട്ടണങ്ങളിൽ കൂലിപ്പണിക്ക് പോകുന്നു. പുരോഗതി നിലച്ച ഗുജറാത്ത് ഗ്രാമങ്ങളിൽ അമർഷമുണ്ട്. ഉടൻ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആരവമൊന്നും ഇവിടെ എത്തിയിട്ടില്ല. ജനവിധി ഇതിന്റെ പ്രതിഫലനമാകുമോയെന്ന് മാത്രം അറിയണം.
ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന് കാലിവളർത്തൽ സമുദായം
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന പ്രഖ്യാപനവുമായി കാലിവളർത്തൽ സമുദായമായ മാൽദാരികൾ. മെഹ്‌സാനയിൽ കഴിഞ്ഞ ദിവസംചേർന്ന മാൽദാരി മഹാപഞ്ചായത്താണ് ബിജെപിക്കെതിരെ രംഗത്തുവന്നത്. ഗുജറാത്തിൽ അറുപത് ലക്ഷത്തോളം മാൽദാരികളുണ്ട്. ‘മാൽദാരികളായ സ്ഥാനാർഥികൾ മൽസരിക്കുന്ന മണ്ഡലങ്ങളിൽ അവർക്ക് വോട്ട് ചെയ്യും. മറ്റിടങ്ങളിൽ ബിജെപിക്കെതിരായി വോട്ടുരേഖപ്പെടുത്തും’–- മാൽദാരി മഹാപഞ്ചായത്ത് വക്താവ് നാഗ്‌ജിഭായി ദേശായി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏഴ് മണ്ഡലങ്ങളിൽ മാത്രമാണ് മാൽദാരി സ്ഥാനാർഥികളുള്ളത്. കോൺഗ്രസ് പ്രസിഡന്റ് ജഗദീഷ് താക്കൂറും കോൺഗ്രസ് എംഎൽഎമാരും പിന്തുണ അറിയിച്ചിരുന്നു. അവർക്ക് നന്ദി–- നാഗ്‌ജി ഭായി അറിയിച്ചു.
ഒന്നര വർഷമായി ഉന്നയിച്ച വിവിധ ആവശ്യങ്ങളിലൊന്നും പരിഹരിക്കപ്പെട്ടില്ല. ചർമമുഴ രോഗം ബാധിച്ച് ഗുജറാത്തിൽ രണ്ടായിരത്തിനടുത്ത് കാലികൾ ചത്തിരുന്നു. വേഗം വാക്‌സിൻ നൽകുന്നതിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചുവെന്നാണ് ആരോപണം. വനമേഖലകളിൽ കഴിയുന്ന മാൽദാരികൾക്ക് പട്ടികവർഗ പദവി, കർഷകരായി പരിഗണിക്കൽ, പൊലീസ് കേസുകൾ പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങളും ഇവർക്കുണ്ട്.
നഗരങ്ങളിൽ കാലികളുടെ നീക്കം നിയന്ത്രിച്ചുള്ള ബിൽ സർക്കാർ കൊണ്ടുവന്നതും പ്രതിഷേധത്തിന് ഇടയാക്കി. ഗവർണർ ബിൽ തിരിച്ചയച്ചു. ജനകീയ സമർദത്തെ തുടർന്ന് സർക്കാരിന് ബിൽ പിൻവലിക്കേണ്ടിവന്നു. ഉടമസ്ഥർ ഉപേക്ഷിച്ച് അലഞ്ഞുതിരിയുന്ന കാലികളും വലിയ പ്രശ്‌നമാണ്. കാലികളെ സംരക്ഷിക്കാൻ സർക്കാർ പലയിടത്തും ഗോശാലകൾ തുറന്നിരുന്നു. എന്നാൽ, ഫണ്ട് നൽകാത്തതിനാൽ ഗോശാല നടത്തിപ്പുകാർ കാലികളെ കൂട്ടത്തോടെ തുറന്നുവിട്ടു.
ബിജെപി സ്ഥാനാർഥികളിൽ 80 ശതമാനം അതിസമ്പന്നർ
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളിൽ 80 ശതമാനവും അതിസമ്പന്നരെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട്. 13.4 കോടി രൂപയാണ് ബിജെപി സ്ഥാനാർഥികളുടെ ശരാശരി ആസ്‌തി. രാജ്‌കോട്ട് സൗത്ത് മണ്ഡലത്തിൽ മത്സരിക്കുന്ന രമേശ് തിലാലയാണ് ഏറ്റവും സമ്പന്നൻ. 175.78 കോടി രൂപയുടെ സ്വത്തുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വ്യക്തം. രാജ്‌കോട്ട് ഈസ്‌റ്റിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി ഇന്ദ്രനീൽ രാജ്‌ഗുരുവിന്റെ ആസ്‌തി 163 കോടിയാണ്. മനവദറിലെ ബിജെപി സ്ഥാനാർഥി പെതൽജി ഭായിക്ക് 130 കോടിയുടെ സ്വത്തുണ്ട്.