
ഏലയ്ക്കയും കുങ്കുമപ്പൂവും കുരുമുളകും കാണിച്ച് തട്ടിയെടുത്തത് കോടികള്‍; കെണിയില്‍പ്പെട്ടവരില്‍ അധികവും വിദേശമലയാളികള്‍; ഖത്തറിലുള്ള മലയാളിയെ പറ്റിച്ച് കൈവശപ്പെടുത്തിയത് നാലരക്കോടി രൂപ; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പോലും നിരീക്ഷിക്കുന്ന ക്രിമിനല്‍ തിരുവനന്തപുരം സ്വദേശി; ഒടുവില്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ വാങ്ങാനുളള പരിശീലന പരേഡിന് പോയ ഡിവൈഎസ്പി തിരികെ വന്നത് അന്താരാഷ്ട്ര തട്ടിപ്പ് വീരനുമായി..!
സ്വന്തം ലേഖകന്‍
കട്ടപ്പന: ”നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും” പഴയനിയമത്തിലെ ഈ വാക്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ അനുയോജ്യമാകുന്നത് കേരളത്തിലെ പൊലീസ് സേനയ്ക്കാണ്. എത്രവലിയ ക്രിമിനല്‍ ആയാലും, എത്ര വിദഗ്ധമായി തയ്യാറാക്കിയ ക്രൈം ആണെങ്കിലും കേരള പൊലീസ് പുഷ്പം പോലെ പൊക്കിയെടുത്ത് അകത്തിട്ടിരിക്കും. ദിവസവും കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ അടക്കുന്ന ലോക്കല്‍ ഗുണ്ടകള്‍ മുതല്‍ കൂടെനടന്ന കൂട്ടുകാരനെ വിഷം കൊടുത്തു കൊന്ന ഗ്രീഷ്മ വരെ ഇതിനുള്ള ചെറിയ ഉദാഹരണങ്ങള്‍ മാത്രം. കേരളാ പൊലീസിന്റെ ഈ സുവര്‍ണ്ണ ഖ്യാതി അരക്കിട്ടുറപ്പിക്കുകയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്‍. സംഭവം മറ്റൊന്നുമല്ല, കേരള മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് വാങ്ങുന്നതിന്റെ പരിശീലന പരേഡിന് പങ്കെടുക്കുവാന്‍ തിരുവനന്തപുരത്ത് പോയ കട്ടപ്പന ഡിവൈഎസ്പി തിരികെ വന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന തട്ടിപ്പ് വീരനുമായാണ്. തിരുവനന്തപുരം കിളിമാനൂര്‍ അടയാമണ്‍ ജിഞ്ചയനിവാസില്‍ ജിനീഷി (39) നെയാണ് കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഖത്തറില്‍ ജോലി ചെയ്യുന്നതിനിടെ വിദേശ മലയാളിയില്‍ നിന്നും 2015ല്‍ 4.5 കോടി രൂപ തട്ടിയെടുത്തു മുങ്ങിയതാണ് പ്രതി ജിനീഷ്. ഇതിന് ശേഷം ശേഷം ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങളില്‍ തട്ടിപ്പ് നടത്തിവരികയായിരുന്നു. മുന്‍പ് ഗള്‍ഫില്‍ ആളുകളെ കബളിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ച പ്രതി കേരളത്തില്‍ വന്നതിനുശേഷം തനിക്ക് ഏലക്ക കയറ്റുമതിയുടെയും കുങ്കുമപ്പൂവിന്റെയും ബിസിനസ് ആണെന്നും പറഞ്ഞ് ഇടുക്കി ജില്ലയില്‍ അങ്ങോളം ഇങ്ങോളം ഉള്ള വന്‍കിട ഏലക്കാ വ്യാപാരികളില്‍ നിന്നും എക്സ്പോര്‍ട്ട് ബിസിനസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങുകയായിരുന്നു. ഇതിന് ശേഷം പണം ഇടപാടില്‍ നിലവില്‍ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ബാങ്ക് ഗ്യാരണ്ടി നല്‍കി കബളിപ്പിച്ച് ലക്ഷങ്ങളുടെയും കോടികളുടെയും ഏലക്കാ വാങ്ങി ബാക്കി പണം നല്‍കാതെ വ്യാപാരികളെ കബളിപ്പിച്ചു മുങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തില്‍, കുമളിയിലെ വന്‍കിട ഏലയ്ക്ക വ്യാപാരിയില്‍ നിന്നും 50 ലക്ഷം രൂപയുടെ ഏലക്കായും കട്ടപ്പനയിലെ ഏലക്കാ വ്യാപാരിയില്‍ നിന്ന് 70 ലക്ഷം രൂപയുടെ ഏലക്കായും വാങ്ങി കബളിപ്പിക്കുകയും എക്സ്പോര്‍ട്ട് ക്വാളിറ്റി ഏലയ്ക്ക നല്‍കാമെന്നും പറഞ്ഞ് വെസ്റ്റ് ബംഗാള്‍ സ്വദേശിയില്‍ നിന്നും 5 ലക്ഷം രൂപയും കോട്ടയം ജില്ലയിലെ ഗാന്ധിനഗര്‍ സ്വദേശിയില്‍ നിന്നും ഒന്നേ മുക്കാല്‍ കോടി രൂപയും എറണാകുളത്തുള്ള വിദേശ മലയാളിയില്‍ നിന്നും മൂന്നര കോടി രൂപയും കോഴിക്കോടുള്ള വിദേശ മലയാളിയില്‍ നിന്നും 60 ലക്ഷം രൂപയും തട്ടിയെടുത്തു.
മൂന്നു തിരുവനന്തപുരം സ്വദേശികളില്‍ നിന്നും വിദേശത്ത് കൊണ്ടുപോകാം എന്നും പറഞ്ഞു 15 ലക്ഷം രൂപ വാങ്ങി വിവിധ മേഖലയിലെ നാല്പതോളം ആളുകളുടെ പാസ്പോര്‍ട്ട് സഹിതം ഉള്ള രേഖകള്‍ വാങ്ങി കബളിപ്പിക്കുകയും, തിരുവനന്തപുരം സ്വദേശികളായ പലരില്‍ നിന്നും രണ്ട് സ്വിഫ്റ്റ് കാറുകളും രണ്ട് ഇന്നോവ കാറുകളും ഒരുSX4 വാഹനവും വാടകയ്ക്ക് എടുത്ത് ഉടമകളെ കബളിപ്പിച്ച് വ്യാജരേഖ ഉണ്ടാക്കി പണയം വെച്ച് പണം തട്ടുകയും വയനാട് ഉള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ തനിക്ക് കുരുമുളക് കയറ്റുമതി ആണെന്നും പറഞ്ഞ് രണ്ടുകോടി രൂപയുടെ കുരുമുളക് വാങ്ങിയശേഷം പണം നല്‍കാതെ ബാങ്കു ഗ്യാരണ്ടി നല്‍കി കബളിപ്പിക്കുകയും ചെയ്തു.
നിരവധി ആളുകളുടെ പരാതിയില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കട്ടപ്പന ഡിവൈഎസ്പിക്ക് മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡല്‍ വാങ്ങാനുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനത്തിന് തിരുവനന്തപുരത്ത് പോകേണ്ടിവന്നത്. പ്രതിയുടെ ഒരു ബന്ധു തിരുവനന്തപുരത്ത് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ ചുവട് പിടിച്ച് പോയതോടെയാണ് അന്താരാഷ്ട്ര തട്ടിപ്പ് വീരനെ കട്ടപ്പന ഡിവൈഎസ്പി ഒളിത്താവളത്തില്‍ നിന്നും കയ്യോടെ പൊക്കിയത്. പ്രതി പിടിയിലായതോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളില്‍ നിന്ന് പോലും ധാരാളം ആളുകള്‍ പരാതിയുമായി വരാന്‍ സാധ്യത ഉള്ളതായി പോലീസ് അറിയിച്ചു. കാലങ്ങളായി തട്ടിപ്പിന് വിളനിലമായ ഇയാളുടെ സാമ്രാജ്യം മറ്റു രാജ്യങ്ങളില്‍ പോലും പടര്‍ന്നു കിടക്കുന്നതായാണ് കരുതുന്നത്.
ഡിവൈഎസ്പി വി.എ നിഷാദ് മോനോടൊപ്പം എസെ്ഐ വിജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിനോജ് പി ജെ, ടോണി ജോണ്‍, ഗ്രേസണ്‍ ആന്റണി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബിന്‍ പി എസ്, അനീഷ് എന്നിവരും ഉണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ തട്ടിപ്പ് വീരന്‍ പിടിയിലായതോടെ അന്വേഷണ സംഘത്തെ അഭിനന്ദനം കൊണ്ടുമൂടുകയാണ് സേനയ്ക്കകത്തും പുറത്തുമുള്ള ഉദ്യോഗസ്ഥ സമൂഹം.