ആറിടത്ത് സിപിഎം മൂന്നാം സ്ഥാനത്ത് ആകും: കാസർകോടും, പാലക്കാടും തിരുവനന്തപുരത്തും ബിജെപി വിജയിക്കും; സിപിഎം കേരളത്തിൽ വട്ടപ്പൂജ്യമാകും; അമിത്ഷായുടെ സംഘത്തിന്റെ രഹസ്യ സർവേ ഫലം പുറത്ത്
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമലയിൽ നിന്നുയർന്ന ഹിന്ദുവികാരം കേരളത്തിൽ സിപിഎമ്മിനെ തവിടുപൊടിയാക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നിയോഗിച്ച സംഘത്തിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പാർലമെന്റ് മണ്ഡലാടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ അമിത്ഷായുടെ സംഘം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഈ റിപ്പോർട്ട് ദേശീയ അദ്ധ്യക്ഷൻ അമിത്ഷായ്ക്ക് അന്വേഷണ സംഘം സമർപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ കേരളം അടുത്ത തവണ ബിജെപി ഭരിക്കുമെന്നു അമിത്ഷാ പ്രഖ്യാപിച്ചതെന്നാണ് സൂചന.
ശബരിമലയിലെ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയാണ് കേരളത്തിലെ സാധ്യതകൾ ഉപയോഗിക്കാൻ ബിജെപി തീരുമാനിച്ചത്. ഇതിന് നേരിട്ട് നിയന്ത്രണം ഏറ്റെടുത്തത് അമിത്ഷാ തന്നെയായിരുന്നു. ആർഎഎസ്എസും അമിത്ഷായും നേരിട്ട് നിയന്ത്രണം ഏറ്റെടുത്താണ് സമരങ്ങൾക്കും നാമജപത്തിനും നേതൃത്വം നൽകിയത്. ഇത് അവസാന ഘട്ടത്തിൽ എത്തിയതോടെയാണ് അമിത്ഷാ കേരളത്തിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്താൻ സ്വന്തം നിലയിൽ ഏജൻസിയെ അയച്ചത്.
സിപിഎമ്മിന്റെ കണക്കു കൂട്ടലുകൾ വിശ്വാസികൾ തെറ്റിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളിൽ നിന്നു വ്യക്തമാകുന്നത്. ഹിന്ദു വോട്ടുകളിൽ വിള്ളലുണ്ടാകുമ്പോൾ ഈ ഗ്യാപ്പിലൂടെ വിജയിച്ചു കയറാമെന്നായിരുന്നു സിപിഎം തന്ത്രം. എന്നാൽ, ശബരിമല വിഷയത്തിൽ ഹിന്ദു വോട്ടുകൾ ബിജെപിയിലേയ്ക്കു പോകുമ്പോൾ പരമ്പരാഗത സിപിഎം ഹിന്ദു വോട്ടുകളിൽ വിള്ളലുണ്ടാകുമെന്നാണ് അമിത്ഷായുടെ ഏജൻസി നടത്തുന്ന പഠനത്തിൽ വ്യക്തമാകുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് സർവേ ഫലം. ബിജെപി മൂന്നിടത്ത് മുന്നിലെത്തുന്നതോടെ ആറിടത്ത് സിപിഎം മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെടും. കോൺഗ്രസും സഖ്യകക്ഷികളും അടങ്ങുന്ന യുഡിഎഫ് മുന്നണി 17 സീറ്റിൽ വിജയിക്കുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നും ഇടതു മുന്നണിയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.
കാസർകോട്, തിരുവനന്തപുരം, പാലക്കാട് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കുമ്പോൾ, ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, ആലത്തൂർ മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തും.
നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ 30 സീറ്റാണ് ബിജെപിയ്ക്ക് ലഭിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സിപിഎമ്മും ഘടകക്ഷികളും ഇരുപതിൽ താഴെ സീറ്റിൽ ഒതുങ്ങുമ്പോൾ, കോൺഗ്രസ് തന്നെ ഭരണം പിടിക്കുമെന്നാണ് സൂചന.