Spread the love

കോഴിക്കോട്: പത്രമാധ്യമങ്ങളിലെ ക്ലാസിഫൈഡുകളില്‍ വന്‍ തട്ടിപ്പ് പരസ്യങ്ങൾ. മനുഷ്യന്റെ ആരോ​ഗ്യപരമായ പോരായ്മകളെ വില്പനചരക്കാക്കുന്ന പരസ്യങ്ങൾ കണ്ടിട്ടും കാണാത്തപോലെ അധികൃതർ.

video
play-sharp-fill

വ്യാജ ഔഷധങ്ങളുടെ വില്‍പ്പന നിരോധിക്കപ്പെട്ട രാജ്യമാണിത്. ഡ്രഗ്സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്റ്റ് പ്രകാരം, രണ്ടു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണിത്. എന്നിട്ടും നമ്മുടെ മാധ്യമങ്ങള്‍ ഈ തട്ടിപ്പിനെ പ്രോല്‍സാഹിപ്പിക്കയാണ്.

ലൈംഗിക ശേഷിക്കുറവ്, പൈല്‍സ്, മദ്യപാനം നിര്‍ത്തല്‍, ഒറ്റമൂലി ചികിത്സ’ എന്നിവയുടെ ഒക്കെ പരസ്യങ്ങള്‍ സ്വീകരിച്ചുകൊണ്ട് നമ്മുടെ മുഖ്യധാര പത്രങ്ങള്‍, ജനത്തെ കബളിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതിന്റെ തെളിവുകൾ ഓരോ ദിനവും നമ്മൾക്ക് കാണാൻ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കപട ചികിത്സക്കെതിരെ നിരന്തരം പ്രതികരിക്കുന്ന, ക്യാപ്സ്യൂള്‍ കേരള എന്ന, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വ്യാജ ഔഷധ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചെറുകിട വ്യാപാരികള്‍ ജനങ്ങളെ സ്വാധീനിക്കുന്നത് പത്രങ്ങളിലെ ക്ലാസ്സിഫൈഡ് പരസ്യങ്ങളിലൂടെയാണ്. ആവശ്യക്കാര്‍ മാത്രം വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്ധിക്കാതെ വിടുകയും ചെയ്യുന്ന പേജുകള്‍ ആയതിനാല്‍ ഇവ മുഖ്യധാരയില്‍ ചര്‍ച്ചയാകുന്നില്ല. ഒറ്റമൂലി ചികിത്സയില്‍ വിശ്വസിക്കുന്നവരും, രോഗങ്ങളുടെ ഗൗരവ സ്വഭാവങ്ങളെക്കുറിച്ചു ധാരണയില്ലാത്തവരും ഇത്തരം ലഘു പരസ്യങ്ങളുടെ വലയില്‍ പെട്ടുപോകും. ക്യാപ്സ്യൂള്‍ കേരള പ്രത്യേക ശ്രദ്ധ നല്‍കുന്ന മേഖലയാണിത്.

സാധാരണക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വ്യാജ ഔഷധ പരസ്യങ്ങള്‍ക്കെതിരെ ക്യാപ്സ്യൂള്‍ കേരളയുടെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. ഇത് സംബന്ധിച്ച പഠനവിവരങ്ങളില്‍ ചിലത് പങ്കുവെയ്ക്കുന്നു.

1.ഈ വര്‍ഷം, (2022) മെയ് മാസം 22 മുതല്‍ 28 വരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരത്തിലുള്ള 12 മലയാള ദിനപത്രങ്ങളില്‍ നിന്നും 192 പരസ്യങ്ങള്‍ കണ്ടെത്തി. അതില്‍ എണ്‍പതുശതമാനവും അഞ്ചു ദിനപത്രങ്ങളില്‍ ആണ് പ്രസിദ്ധീകരിച്ചു കണ്ടത്. ക്യാപ്സ്യൂള്‍ കേരള 2018 ഒക്ടോബര്‍ ഒന്ന് മുതല്‍ ഏഴ് വരെ പ്രസ്തുത പത്രങ്ങളില്‍ നിന്നും 475 പരസ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ക്യാപ്സ്യൂള്‍ കേരള നടത്തിയ നിയമ ഇടപെടലുകളുടെയും, പ്രചാരണ പ്രവര്‍ത്തനങ്ങളുടെയും ഫലമായെന്നോണം ഇത്തരം പരസ്യങ്ങളുടെ എണ്ണം 2019 ജൂലൈ ആയപ്പോള്‍ തന്നെ ഗണ്യമായി കുറഞ്ഞു. ഇക്കുറി പരസ്യങ്ങള്‍ 266 ആയി ചുരുങ്ങി. അതായത് 44 ശതമാനം കണ്ട് കുറവുണ്ടായി. എന്നാല്‍ 2022 ല്‍ വീണ്ടും നടത്തിയ പഠനത്തില്‍ രണ്ടാം ഘട്ടത്തേക്കാള്‍ 28 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കാണുന്നു. ആദ്യകാലത്തേക്കാള്‍ 60 ശതമാനമാണ് കുറവ് കാണുന്നത്.

2. ടീസിഎംസി (ട്രാവന്‍കൂര്‍ – കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍) യുടെ ഇടപെടല്‍ മൂലം വൈദ്യനൈതികതക്ക് എതിരായ പരസ്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. ക്യാപ്സ്യൂള്‍ കേരള നല്‍കിയിട്ടുള്ള പരാതികളില്‍ ടീസിഎംസി നടപടിയുണ്ടായ മുറയ്ക്ക് ഡോക്ടര്‍മാരുടെ പേര് സഹിതം നല്‍കിയിരുന്ന പരസ്യങ്ങള്‍ അവയുടെ ദാതാക്കള്‍ തന്നെ പിന്‍വലിക്കുകയോ പരസ്യങ്ങളില്‍ നിന്നും ഡോക്ടര്‍മാരുടെ പേര് ഒഴിവാക്കുകയോ ചെയിതിട്ടുണ്ട്. ഇപ്പോള്‍ അഞ്ച് പരസ്യങ്ങളില്‍ ഡോക്ടര്‍മാരുടെ പേരുകൂടി ചേര്‍ന്ന് വരുന്നതായി കാണുന്നു.

3. പല തവണ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നടപടി സ്വീകരിച്ചിട്ടുള്ള ചില പരസ്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുന്നു. ആയുര്‍ കേരള, സെന്റിനോള്‍, ബ്ലൂം ക്യാപ്സ്യൂള്‍, മെഘയോഗ് എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഇവയ്‌ക്കെതിരെ അധികാരികള്‍ ശക്തമായ നിലപാട് എടുക്കേണ്ടതായുണ്ട്.

4. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 192 പരസ്യങ്ങളില്‍ 113 എണ്ണവും ഡ്രഗസ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്്റ്റ് (ഡിഎംആര്‍) 1954, ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് ആക്‌ട് 1940 എന്നിവക്ക് എതിരാണ്. എഫ്‌എസ്‌എസ്‌എഐ യുടെ നിയമങ്ങള്‍ക്ക് എതിരായിട്ടുള്ള ഒമ്ബത് പരസ്യങ്ങളും, ഡിസ്‌ക്ലെയിമര്‍ വ്യക്തമല്ലാതെ, എഎസ്സിഐ യുടെ കോഡ് ലംഘിക്കുന്ന നാല് പരസ്യങ്ങളും കണ്ടെത്തി. പരസ്യങ്ങളിലേറെയും (62 ശതമാനം) ഉപഭോക്താക്കള്‍ക്ക് ഫലം കിട്ടിയില്ല എങ്കിലും പരാതി ഉണ്ടാകുവാന്‍ ഇടയില്ലാത്ത വിഷയങ്ങളിലാണ്. ലൈംഗിക ശേഷി കുറവ്, പൈല്‍സ്, മദ്യപാനം നിറുത്തല്‍ എന്നീ ആവശ്യങ്ങളാണ് പ്രമേയം.

5. പഠനത്തില്‍ ഉള്‍പ്പെടാത്ത മറ്റൊരു വക പരസ്യം കൂടി കാപ്സ്യൂള്‍ കേരള ശ്രദ്ധിക്കുന്നുണ്ട്. ജ്യോതിഷവും വിശ്വാസങ്ങളുമായി ബന്ധപെട്ടതാണ് അവ. ഇപ്പോള്‍ 56 പരസ്യങ്ങള്‍ ആറു പത്രങ്ങളില്‍ നിന്ന് കണ്ടെത്തി- ക്യാപസ്യൂള്‍ കേരളക്ക് വേണ്ടി ചെയര്‍മാന്‍, ഡോക്ടര്‍. യൂ.നന്ദകുമാര്‍, കണ്‍വീനര്‍ എം. പി.അനില്‍ കുമാര്‍ എന്നിവരാണ് അറിയിപ്പ് പുറത്തിറക്കിയത്.

ഡിഎംആര്‍ ആക്റ്റ് 1954 പ്രകാരം ആദ്യ തവണ നിയമം ലംഘിച്ചാല്‍ 6 മാസം തടവ് അല്ലെങ്കില്‍ പിഴ, രണ്ടാം തവണ ഒരു വര്‍ഷം തടവ് അല്ലെങ്കില്‍ പിഴ എന്നതായിരുന്നു നേരത്തെ നിയമം. എന്നാല്‍ ഈ നിയമപ്രകാരം ആര്‍ക്കും തടവ് നല്‍കിയതായി അറിവില്ല. പിഴയും പരിമിതം ആണ്. മുമ്പ് 5000 മുതല്‍ 10000 വരെ, ഇതും വര്‍ഷങ്ങള്‍ നീളുന്ന വിചാരണയ്ക്ക് ഒടുവില്‍ ആണ് വരിക. അതാണ് ഈ നിയമപ്രകാരം കേസ് എടുക്കുന്നതിനെ നിയമം ലംഘിക്കുന്നവര്‍ കാര്യമാക്കാത്തത്..

എന്നാല്‍ ഇപ്പോല്‍ പുതിയനിയമമാണ്. ആദ്യ തവണ കുറ്റം കണ്ടെത്തിയാല്‍ 2 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും, ആവര്‍ത്തിച്ചാല്‍ 5 വര്‍ഷം തടവും 50 ലക്ഷം പിഴയും. നിയമപ്രകാരം പരസ്യം നല്‍കുവാന്‍ പാടില്ലാത്ത രോഗങ്ങളുടെ എണ്ണം 54 ല്‍ നിന്നും 78 ആയി ഉയര്‍ത്തിയിട്ടുണ്ട്.

നിയമപ്രകാരം ഡ്രഗ് ലൈസന്‍സ് നേടിയ ഉല്‍പ്പന്നങ്ങള്‍ ആണ് പലരും ഇപ്രകാരം നിയമ വിരുദ്ധ പരസ്യങ്ങളില്‍ കൂടി വിറ്റഴിക്കുന്നത്. അതിനാല്‍ ഡിഎംആര്‍ ആക്റ്റ് 1954 പ്രകാരം ഉള്ള നടപടികള്‍ക്ക് ഒപ്പം ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് ആക്‌ട് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് ആക്‌ട് 1940 പ്രകാരവും നടപടി എടുക്കുകയും കൂടി ചെയ്താല്‍ ഈ പരസ്യങ്ങള്‍ വലിയോരളവ് വരെ നിയന്ത്രിക്കുവാന്‍ ആകുമെന്നാണ് ക്യാപ്സ്യൂള്‍ കേരളയുടെ നിഗമനം.